പോറ്റിയുടെ പല വഴിപാടുകളുടേയും സ്‌പോണ്‍സര്‍മാര്‍ മറ്റ് ചിലര്‍, ഉണ്ണികൃഷ്ണന്‍ പോറ്റി സ്ഥിരവരുമാനമില്ലാത്തയാള്‍; ഇടനിലക്കാരനായി നിന്ന് അന്യായ ലാഭമുണ്ടാക്കിയെന്ന് സൂചന

ശബരിമലയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി നടത്തിയ വഴിവിട്ട ഇടപാടുകള്‍ എണ്ണിപ്പറഞ്ഞ് ദേവസ്വം വിജിലന്‍സിന്റെ റിപ്പോര്‍ട്ട്. സ്ഥിരവരുമാനമില്ലാത്ത ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയില്‍ നടത്തിയ പല വഴിപാടുകളുടേയും അറ്റകുറ്റപ്പണികളുടേയും സ്‌പോണ്‍സര്‍മാര്‍ മറ്റ് ചില വ്യക്തികളാണെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയില്‍ സ്‌പോണ്‍സര്‍ഷിപ്പിലൂടെ നടത്തിയ വഴിപാടുകള്‍ 22-ാം പേജില്‍ കൃത്യമായി പറയുന്നുണ്ട്. ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്  ലഭിച്ചു. 

ശബരിമലയിലെ കേടായ വാതില്‍ അറ്റകുറ്റപ്പണി നടത്തി സ്വര്‍ണം പൂശി നല്‍കിയത് ബിസിനസ്‌കാരനും ബെല്ലാരി സ്വദേശിയുമായ ഗോവര്‍ധന്‍ എന്നയാളെന്ന് റിപ്പോര്‍ട്ടിലുണ്ട്. ശ്രീകോവിലിന്റെ കട്ടിളയില്‍ പൊതിഞ്ഞ ചെമ്പുപാളികളില്‍ സ്വര്‍ണം പൂശിയതിനും പണം മുടക്കിയത് പോറ്റി നേരിട്ടല്ല. ഈ പ്രവൃത്തിയുടെ യഥാര്‍ഥ സ്‌പോണ്‍സര്‍ മലയാളിയും ബെംഗളൂരുവില്‍ സ്ഥിരതാമസക്കാരനുമായ അജി കുമാര്‍ എന്നയാളാണ്. ഇത്തരത്തില്‍ പല പ്രവൃത്തികള്‍ക്കും ഉണ്ണികൃഷ്ണന്‍ പോറ്റി ഇടനിലക്കാരന്‍ മാത്രമാണ്.

ശബരിമല ക്ഷേത്രത്തില്‍ ഇയാള്‍ അന്നദാനം, പടിരൂജ, കളഭാഭിഷേകം, ഉദയാസ്തമയപൂജ എന്നിവ നടത്തുകയും പതിനെട്ടാം പടിക്ക് ഇരുവശത്തുമായി മണിമണ്ഡപം നിര്‍മിച്ച് നല്‍കുകയും ചെയ്തിട്ടുണ്ട്. 2025ല്‍ അന്നദാനത്തിനായി ആറ് ലക്ഷം രൂപ നല്‍കുകയും മകരവിളക്കിനോട് അനുബന്ധിച്ച് 10 ലക്ഷം രൂപ നല്‍കുകയും ചെയ്തു. അന്നദാന മണ്ഡപത്തിന് ലിഫ്റ്റ് പണിയുന്നതിലേക്കായി 10 ലക്ഷം രൂപ സംഭവാനയും നല്‍കിയിട്ടുണ്ട്. ശബരിമലയിലെ പല പ്രവൃത്തികളിലും ഇടനിലക്കാരനായി നിന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി അന്യായമായ ലാഭം ഉണ്ടാക്കിയിട്ടുണ്ടെന്നും സ്വര്‍ണം കൈക്കലാക്കിയിട്ടുണ്ടെന്നുമാണ് ദേവസ്വം വിജിലന്‍സിന്റെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ബിസിനസില്‍ നിന്നോ മറ്റോ സ്ഥിരവരുമാനമൊന്നും പോറ്റിക്കില്ലെന്ന് ഇയാളുടെ ആദായ നികുതി രേഖകള്‍ പരിശോധിച്ചുകൊണ്ടാണ് വിജിലന്‍സ് വ്യക്തമാക്കിയിരിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*