സർവീസ് റദ്ദാക്കൽ: ഇൻഡി​ഗോയ്ക്ക് 22.2 കോടി രൂപ പിഴയിട്ട് ഡിജിസിഎ

രാജ്യത്തെ വ്യോമയാന ഗതാഗത്തെ പ്രതിസന്ധിയിലാക്കുന്ന വിധത്തില്‍ വിമാന സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കിയ സംഭവത്തില്‍ ഇന്‍ഡിഗോയ്ക്ക് പിഴയിട്ട് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. 22.2 കോടി രൂപയാണ് വിമാന കമ്പനിക്ക് ഡിജിസിഎ പിഴ ചുമത്തിയത്. പിഴ തുകയ്ക്ക് പുറമെ 50 കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടിയും ഇന്‍ഡിഗോ ഹാജരാക്കണം. യാത്രക്കാര്‍ക്ക് വ്യാപകമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയ ഇന്‍ഡിഗോയുടെ പ്രവര്‍ത്തനത്തിലെ വീഴ്ചകള്‍ വിലയിരുത്തിയ ശേഷമാണ് നടപടി സ്വീകരിച്ചതെന്ന് ഡിജിസിഎ പ്രസ്താവനയില്‍ അറിയിച്ചു.

പുതുക്കിയ ഫ്‌ലൈറ്റ് ഡ്യൂട്ടി സമയപരിധി നടപ്പാക്കുന്നതിലുണ്ടായ അപാകതകളെത്തുടര്‍ന്നാണ് 2025 ഡിസംബര്‍ 3 നും 5 നും ഇടയില്‍ ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ കൂട്ടത്തോടെ മുടങ്ങിയത്. മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ 2,507 വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും 1,852 സര്‍വീസുകള്‍ വൈകുകയും ചെയ്തിരുന്നു. മൂന്ന് ലക്ഷത്തിലധികം യാത്രക്കാരാണ് സര്‍വീസ് റദ്ദാക്കല്‍ മൂലം ദുരിതത്തിലായത്.

ഇന്‍ഡിഗോ പ്രതിസന്ധി പരിശോധിക്കാന്‍ ഡിജിസിഎ ജോയിന്റ് ഡയറക്ടര്‍ ജനറല്‍ സഞ്ജയ് കെ ബ്രഹ്മണെയുടെ നേതൃത്വത്തില്‍ നാലംഗ സമിതി രൂപീകരിച്ചിരുന്നു. പ്രതിസന്ധിക്കിടയായ സാഹചര്യങ്ങളെക്കുറിച്ച് സമഗ്രമായ അവലോകനം നടത്തിയ സമിതി ഇന്‍ഡിഗോയുടെ ഭരണപരമായ പിഴവുകളാണ് പ്രതിസന്ധിക്ക് കാരണമായതെന്ന് വിലയിരുത്തലില്‍ ആയിരുന്നു എത്തിയത്.

അമിതമായ ലാഭലക്ഷ്യം മുന്‍നിര്‍ത്തി നടത്തിയ നീക്കങ്ങള്‍, മുന്നൊരുക്കങ്ങളുടെ അഭാവം, സിസ്റ്റം സോഫ്റ്റ്വെയറിലെ പോരായ്മകള്‍, മാനേജ്മെന്റ് ഘടനയിലെയും പ്രവര്‍ത്തന നിയന്ത്രണത്തിലെയും പിഴവുകള്‍ എന്നിവയാണ് വിമാന സര്‍വീസുകള്‍ തടസ്സപ്പെടാന്‍ കാരണമെന്നായിരുന്നു കണ്ടെത്തിയത്. സാങ്കേതിക തകരാറുകള്‍, ശൈത്യകാല സമയക്രമത്തിലെ മാറ്റങ്ങള്‍, വിമാനത്താവളങ്ങളിലെ തിരക്ക്, കാലാവസ്ഥ എന്നിങ്ങനെയുള്ള ‘പ്രതീക്ഷിക്കാത്ത വെല്ലുവിളികള്‍’ കാരണമാണ് ഈ പ്രതിസന്ധി ഉണ്ടായതെന്നാണ് ഇന്‍ഡിഗോ നല്‍കിയ വിശദീകരണം.

Be the first to comment

Leave a Reply

Your email address will not be published.


*