ശബരിമലയിലേക്ക് ട്രാക്ടര്‍ യാത്ര: എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ നടപടിക്ക് ഡിജിപിയുടെ ശുപാര്‍ശ

തിരുവനന്തപുരം: ശബരിമലയിലെ ട്രാക്ടര്‍ യാത്രയില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ നടപടി വേണമെന്ന് ഡിജിപി. സംഭവത്തില്‍ അജിത് കുമാറിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്‍ റിപ്പോര്‍ട്ട് നല്‍കി. നടപടി സ്വീകരിച്ച് ഹൈക്കോടതിയെ അറിയിക്കുന്നതാകും ഉചിതമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പിന്റെ പരിഗണനയിലാണെന്നാണ് വിവരം.

ആഭ്യന്തര വകുപ്പിന്റെ ശുപാര്‍ശയോടെയാകും റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് അയക്കുക. കഴിഞ്ഞ തിങ്കളാഴ്ചയാണ് പൊലീസ് മേധാവി റിപ്പോര്‍ട്ട് നല്‍കിയത്. ശാരീരികമായ വയ്യായ്കയും കാലു വേദനയും ഉള്ളതിനാല്‍ സന്നിധാനത്തേക്ക് പോകുന്ന വഴിയ്ക്ക് സാധനങ്ങള്‍ കൊണ്ടുപോകുന്ന ട്രാക്ടറില്‍ കയറുകയായിരുന്നു എന്നാണ് എം ആര്‍ അജിത് കുമാര്‍ വിശദീകരണം നല്‍കിയിരുന്നത്.

എന്നാല്‍ അജിത് കുമാറിന്റെ വിശദീകരണം ന്യായീകരിക്കാവുന്നതല്ലെന്നാണ് ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. ട്രാക്ടര്‍ യാത്രയുടെ വീഡിയോ അടക്കമുള്ള തെളിവുകള്‍ പുറത്തു വന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എഡിജിപി അജിത് കുമാറിനെതിരെ നടപടി സ്വീകരിച്ച് ഹൈക്കോടതിയെ അറിയിക്കുന്നതാണ് ഉചിതമെന്നും ഡിജിപി സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ ട്രാക്ടര്‍ ഡ്രൈവറെ കുറ്റക്കാരനാക്കിയാണ് പമ്പ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

സന്നിധാനത്തേക്കുള്ള ട്രാക്ടറില്‍ സാധനങ്ങള്‍ മാത്രമേ കയറ്റാന്‍ പാടുള്ളൂവെന്നും, ആളുകളെ ഒരു കാരണവശാലും കയറ്റരുതെന്നും ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതാണ്. ട്രാക്ടര്‍ യാത്രയില്‍ എം ആര്‍ അജിത് കുമാറിന് വീഴ്ച സംഭവിച്ചതായി ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എഡിജിപി അജിത് കുമാറിന്റെ ശബരിമലയിലെ ട്രാക്ടര്‍ യാത്രയില്‍ ഹൈക്കോടതി രൂക്ഷവിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു.

 

Be the first to comment

Leave a Reply

Your email address will not be published.


*