ശബരിമല സ്വർണ്ണപ്പാളി കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് മേൽ ഒരു സമ്മർദവും ഉണ്ടായിട്ടില്ലെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ. എസ്ഐടി ഹൈക്കോടതിയുടെ മേൽനോട്ടത്തിലാണ് പ്രവർത്തിക്കുന്നത്. പൂർണ സ്വാതന്ത്ര്യത്തോടെയാണ് പ്രവർത്തിക്കുന്നത്. ഹൈക്കോടതി എസ്ഐടി അന്വേഷണത്തിൽ തൃപ്തരാണെന്ന് സംസ്ഥാന പോലീസ് മേധാവി പറഞ്ഞു.
ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം മുന്നോട്ട് പോകുമെന്ന് സംസ്ഥാന പോലീസ് മേധാവി വ്യക്തമാക്കി. കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമോ എന്ന ചോദ്യത്തിന് തെളിവുകൾ പരിശോധിച്ച് നടപടിയുണ്ടാകുമെന്നായിരുന്നു ഡിജിപിയുടെ മറുപടി. അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നത്. അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കുന്നുണ്ടെന്നും ഡിജിപി മാധ്യമങ്ങളോട് വ്യക്തമാക്കി.
സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരര് അറസ്റ്റിലായതിന് പിന്നാലെയാണ് ഡിജിപിയുടെ പ്രതികരണം. രാവിലെയാണ് തന്ത്രിയെ എസ്‌ഐടി ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. തുടർന്ന് നാല് മണിക്കൂർ നീണ്ട് ചോദ്യം ചെയ്യലിന് ശേഷം കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തന്ത്രിയെ രാത്രിയോടെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും.



Be the first to comment