പുതിയ തരം പ്രമേഹം കണ്ടെത്തി, ടൈപ്പ് 1, 2 ഡയബറ്റീസ് ലക്ഷണങ്ങളിൽ നിന്ന് വ്യത്യസ്തം

ആഗോളതലത്തില്‍ പ്രമേഹ രോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചു വരികയാണ്. 2024-ലെ കണക്ക് പ്രകാരം ലോകമെമ്പാടും പ്രമേഹരോഗികളുടെ എണ്ണം 800 ദശലക്ഷം കടന്നു. 1990 മുതല്‍ ആഗോളതലത്തില്‍ പ്രമേഹ രോഗികളുടെ എണ്ണം ഏതാണ് ഇരട്ടിയായി വര്‍ധിച്ചതായി ദി ലാൻസെറ്റില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. അതിനിടെ പോഷകാഹാര കുറവുമായി ബന്ധപ്പെട്ട പ്രമേഹത്തെ ‘ടൈപ്പ് 5 പ്രമേഹം’ എന്ന പേരില്‍ ഔദ്യോഗികമായി അംഗീകരിച്ചു.

തായ്‌ലൻഡിലെ ബാങ്കോക്കിൽ നടന്ന ഇന്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷന്റെ (ഐഡിഎഫ്) വേൾഡ് ഡയബറ്റിസ് കോൺഗ്രസിലായിരുന്നു പ്രഖ്യാപനം.

എന്താണ് ടൈപ്പ് 5 പ്രമേഹം

പോഷകാഹാരക്കുറവുമായി ബന്ധപ്പെട്ട ഒരു പ്രമേഹമാണിത്. മെലിഞ്ഞവരിലും (ശരീരഭാരം കുറഞ്ഞവരില്‍) പോഷകാഹാരക്കുറവുള്ളതുമായ കൗമാരക്കാരെയും യുവാക്കളെയുമാണ് രോഗാവസ്ഥ ബാധിക്കുന്നത്. പ്രതിവർഷം ടൈപ്പ് 5 പ്രമേഹ ബാധിതരുടെ എണ്ണം 20 മുതൽ 25 വരെ ദശലക്ഷം വരെയാണ്. ഏഷ്യയിലും ആഫ്രിക്കയിലുമാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.

ടൈപ്പ് 1 പ്രമേഹത്തിൽ നിന്ന് വ്യത്യസ്തമായി, ടൈപ്പ് 5 പ്രമേഹമുള്ള രോഗികളിൽ സാധാരണ ആന്റിബോഡികൾ കാണിക്കില്ല. 50 ശതമാനം കേസുകളിലും ഇന്‍സുലിന്‍ ഉപയോഗിക്കേണ്ടി വരാറില്ല, ഗുളികകള്‍ കൊണ്ട് കൈകാര്യം ചെയ്യാവുന്നതാണ്.

2022-ൽ ഡയബറ്റിസ് കെയർ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തില്‍ പോഷകാഹാരക്കുറവുമായി ബന്ധപ്പെട്ട പ്രമേഹം, പൊണ്ണത്തടി മൂലമുണ്ടാകുന്ന ടൈപ്പ്-2 പ്രമേഹത്തിൽ നിന്നും, ടൈപ്പ് 1 പ്രമേഹത്തിൽ നിന്നും അടിസ്ഥാനപരമായി വ്യത്യസ്തപ്പെട്ടിരിക്കുന്നുവെന്ന് ഗവേഷകര്‍ തെളിയിക്കുന്നു.

ജെ-ടൈപ്പ് പ്രമേഹം

1955-ല്‍ ജമൈക്കയിലാണ് ആദ്യമായി പോഷകാഹാര കുറവുമായി ബന്ധപ്പെട്ട പ്രമേഹം തിരിച്ചറിയുന്നത്. 1960-ല്‍ ജെ-ടൈപ്പ് പ്രമേഹമെന്ന് പേരിട്ടു. 1985-ല്‍ ലോകാരോഗ്യ സംഘടന ജെ- ടൈപ്പ് പ്രമേഹം പട്ടികയില്‍ ഉള്‍പ്പെടുത്തിയെങ്കില്‍ 1998-ല്‍ നീക്കം ചെയ്തു.

പോഷകാഹാരക്കുറവുമായി ബന്ധപ്പെട്ട പ്രമേഹം ക്ഷയരോഗത്തേക്കാൾ സാധാരണമാണെന്ന് പഠനത്തിന് നേതൃത്വം വഹിച്ച വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളജ് , ഗവേഷക ഹോക്കിന്‍സ് പറഞ്ഞു. രോഗത്തെ ഔദ്യോഗിക പ്രഖ്യാപിക്കുന്നത് രോഗികളെ കണ്ടെത്തുന്നതിനും ഫലപ്രദമായ ചികിത്സകൾ കണ്ടെത്തുന്നതിനും സഹായിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ടൈപ്പ് 5 പ്രമേഹം ചികിത്സക്കിന്നതിന് വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ ഇതുവരെയില്ലെങ്കിലും, ചെറിയ അളവിൽ ഇൻസുലിൻ ഓറൽ ഏജന്റുകൾക്കൊപ്പം കഴിക്കുന്നതാണ് ഏറ്റവും ഫലപ്രദമെന്ന് പഠനം സൂചിപ്പിക്കുന്നു.

 

Be the first to comment

Leave a Reply

Your email address will not be published.


*