
ബംഗളൂരു: ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ കൈവശം വെയ്ക്കാത്തവര്‍ ചുരുക്കമായിരിക്കും. എന്നാല്‍ ഈ കാര്‍ഡുകള്‍ക്കും വ്യക്തിഗത അപകട ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടെന്ന് അറിയാമോ? ഈ കാര്‍ഡുകളിലൂടെ ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യാം. ചില ബാങ്കുകള്‍ കാര്‍ഡുകള്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സ് നല്‍കുമ്പോള്‍ മറ്റു ബാങ്കുകള്‍ കവറേജിനായി പ്രതിമാസ ഫീസ് ഈടാക്കുന്നുണ്ട്.
‘പല ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് കമ്പനികളും മൂല്യവര്‍ദ്ധിത ഓഫറുകളുടെ ഭാഗമായി ലൈഫ് ഇന്‍ഷുറന്‍സ്, അപകട ഇന്‍ഷുറന്‍സ് അല്ലെങ്കില്‍ സൈബര്‍ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നുണ്ട്. ഈ ഓഫറുകള്‍ക്ക് നിബന്ധനകളും വ്യവസ്ഥകളും ഉണ്ടായേക്കാം, അവയെ ആശ്രയിക്കുന്നതിന് മുമ്പ് അവയെ കുറിച്ച് മനസ്സിലാക്കേണ്ടതുണ്ട്.’- ഇന്‍സര്‍ടെക് പ്ലാറ്റ്ഫോമായ Beshak.org സ്ഥാപകന്‍ മഹാവീര്‍ ചോപ്ര പറഞ്ഞു.
‘ഉദാഹരണത്തിന്, അപകട മരണ ഇന്‍ഷുറന്‍സ് കവറേജ് വിമാന അപകടങ്ങളുമായി ബന്ധപ്പെട്ടാവാം. എല്ലാ അപകട മരണങ്ങളും കവര്‍ ചെയ്യുന്നതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് വളരെ ചെറിയ അപകടസാധ്യതയാണ്. ഏത് തരത്തിലുള്ള ഇന്‍ഷുറന്‍സ് കവറേജ് ആണ് നല്‍കുന്നത് എന്ന് മനസിലാക്കുന്നത് നല്ലതാണ്. കൂടാതെ, സമീപകാലത്ത് ഇടപാടുകള്‍ നടത്തി ആക്ടീവ് ആയിരിക്കണമെന്നും നിര്‍ദേശിച്ചേക്കാം. ഉദാഹരണത്തിന്, കഴിഞ്ഞ 3 മാസത്തിലോ 6 മാസത്തിലോ ഒരു ഇടപാട് ആവശ്യമായി വന്നേക്കാം. കഴിഞ്ഞ 3/6 മാസങ്ങളില്‍ ഒരു ഇടപാടും നടന്നില്ലെങ്കില്‍, ക്ലെയിം നല്‍കേണ്ടതില്ല’-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘വ്യക്തിഗത അപകടം, വിമാന അപകടം, യാത്രാ സംബന്ധമായ ആവശ്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് നിരവധി മിഡ് റേഞ്ച് മുതല്‍ പ്രീമിയം ക്രെഡിറ്റ് കാര്‍ഡുകള്‍ കാര്‍ഡ് ഉടമകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നുണ്ട്. ഈ കാര്‍ഡുകള്‍ സാധാരണയായി വിമാന അപകട മരണ ഇന്‍ഷുറന്‍സ് കവറേജും വിദേശത്ത് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് വേണ്ടി വരുന്ന ചെലവുകള്‍ നേരിടാനുള്ള ഇന്‍ഷുറന്‍സ് പരിരക്ഷയുമായിരിക്കും നല്‍കുക.
ഒരാള്‍ക്ക് ഇന്‍ഷുറന്‍സ് ആവശ്യങ്ങളെ കുറിച്ച് വ്യക്തമായ ബോധ്യം ഉണ്ടായിരിക്കണം. ഇതനുസരിച്ച് ശരിയായ ക്രെഡിറ്റ് കാര്‍ഡുകള്‍ തെരഞ്ഞെടുക്കാന്‍ സാധിക്കണം. ഇവ തമ്മിലുള്ള വ്യത്യാസം മനസിലാക്കണം. ഇവ രണ്ടും തമ്മില്‍ കൂട്ടി കലര്‍ത്തരുത്. ഒരു ക്രെഡിറ്റ് കാര്‍ഡ് അതിന്റെ സവിശേഷതകളും ആനുകൂല്യങ്ങളും അടിസ്ഥാനമാക്കി മാത്രം തെരഞ്ഞെടുക്കുക. അത് നിങ്ങളുടെ ചെലവുകള്‍ക്കും ജീവിതശൈലിക്കും എത്രത്തോളം അനുയോജ്യമാണ് എന്ന് പരിശോധിക്കുന്നതും നല്ലതാണ്. ഒരു ക്രെഡിറ്റ് കാര്‍ഡ് അത് വാഗ്ദാനം ചെയ്യുന്ന ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങളെ അടിസ്ഥാനമാക്കി മാത്രം തെരഞ്ഞെടുക്കുന്നത് അനുയോജ്യമല്ല’- പൈസബസാര്‍ ക്രെഡിറ്റ് കാര്‍ഡ് തലവന്‍ രോഹിത് ഛിബ്ബാര്‍ പറഞ്ഞു.
Be the first to comment