ബലാത്സംഗക്കേസുകളില്‍ നിര്‍ണായക ഉത്തരവുമായി സുപ്രിംകോടതി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് വിവാഹിതയായ ഒരു സ്ത്രീയ്ക്ക് പരാതിപ്പെടാനാകില്ലെന്നാണ് സുപ്രികോടതിയുടെ ഉത്തരവ്. യഥാര്‍ഥ ബലാത്സംഗക്കേസുകള്‍ വിചാരണക്കോടതികള്‍ തിരിച്ചറിയുക തന്നെ വേണം. ബലാത്സംഗം തടയാനുള്ള നിയമങ്ങള്‍ ദുരുപയോഗം ചെയ്യരുതെന്നും സുപ്രിംകോടതി പറഞ്ഞു.
ഛത്തീസ്ഗഡിലെ ഒരു അഭിഭാഷകനെതിരെ ഒരു വനിതാ അഭിഭാഷക നല്‍കിയ ബലാത്സംഗ പരാതിയിലാണ് സുപ്രിംകോടതിയുടെ സുപ്രധാന ഉത്തരവ്. വിവാഹിതയായ സ്ത്രീ തന്നെ ഒരാള്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് പരാതിപ്പെട്ടാലും കേസ് നിലനില്‍ക്കില്ലെന്ന് സുപ്രിംകോടതി പറഞ്ഞു. ജസ്റ്റിസ് ബി വി നാഗരത്‌ന, ജസ്റ്റിസ് ഉജ്ജ്വല്‍ ഭുയാന്‍ എന്നിവരുടെ ബെഞ്ചിന്റേതാണ് സുപ്രധാന നിരീക്ഷണങ്ങള്‍.
വിവാഹം വാഗ്ദാനം ചെയ്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന എല്ലാ സംഭവങ്ങളേയും വിവാഹ വാഗ്ദാനം ചെയ്തുള്ള പീഡനങ്ങളായി കണക്കാക്കാനാകില്ലെന്ന് സുപ്രിംകോടതി വിശദീകരിക്കുന്നു. പ്രതി ലൈംഗിക ബന്ധത്തിന് സമ്മതം നേടുക എന്ന ഉദ്ദേശത്തോടെ മാത്രം വിവാഹ വാഗ്ദാനം നല്‍കുകയും തുടക്കം മുതല്‍ വാഗ്ദാനം നിറവേറ്റാന്‍ യാതൊരു ഉദ്ദേശവുമില്ലെന്ന് ബോധ്യപ്പെടുകയും ചെയ്യുമ്പോഴാണ് ഐപിസി സെക്ഷന്‍ 375 പ്രകാരമുള്ള കേസ് നിലനില്‍ക്കുകയെന്ന് ബെഞ്ച് നിരീക്ഷിച്ചു. ഈ കേസിലെ പരാതിക്കാരി വിവാഹിതയാണ്. അതിനാല്‍ തന്നെ പ്രതിക്കെതിരെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന കേസ് റദ്ദാക്കി.



Be the first to comment