വരാനിരിക്കുന്ന വിശുദ്ധ റമദാന്‍ മാസത്തില്‍ മക്ക-മദീന ഹറം പള്ളികളില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്കായി വിപുലമായ ഡിജിറ്റല്‍ സേവനങ്ങള്‍ ഒരുങ്ങുന്നു. സൗജന്യ വൈഫൈ, ഇന്ററാക്ടീവ് മാപ്പുകള്‍, ഓണ്‍ലൈന്‍ സേവനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള പദ്ധതികള്‍ ഹറമൈന്‍ അതോറിറ്റി പ്രഖ്യാപിച്ചു. തീര്‍ത്ഥാടകരുടെ യാത്രയും കര്‍മങ്ങളും കൂടുതല്‍ സുഗമമാക്കുകയാണ് ഈ പുതിയ പരിഷ്‌കാരങ്ങളിലൂടെ ലക്ഷ്യമിടുന്നത്.
വിശുദ്ധ റമദാന്‍ മാസത്തെ വരവേല്‍ക്കാന്‍ മക്ക-മദീന ഹറം പള്ളികളില്‍ വലിയ ഒരുക്കങ്ങളാണ് നടക്കുന്നത്. ഇത്തവണ തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ ആധുനികമായ സൗകര്യങ്ങള്‍ ലഭ്യമാക്കുമെന്ന് ഹറമൈന്‍ അതോറിറ്റി വൈസ് പ്രസിഡന്റ് ഡോ. മുഹമ്മദ് അല്‍-സഖര്‍ വ്യക്തമാക്കി.
തീര്‍ത്ഥാടകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാനും അവര്‍ക്ക് കൃത്യമായ വഴി കാണിക്കാനുമായി ഹറമിനുള്ളില്‍ ഇന്ററാക്ടീവ് മാപ്പുകളും സ്‌ക്രീനുകളും സ്ഥാപിക്കും. ഹറമുകളിലെ വിവിധ സേവനങ്ങള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കും. തീര്‍ത്ഥാടകര്‍ക്ക് എന്തെങ്കിലും പരാതികളോ പ്രയാസങ്ങളോ ഉണ്ടായാല്‍ അത് ഉടനടി അധികൃതരെ അറിയിക്കാന്‍ ‘ഡയറക്ട് റിപ്പോര്‍ട്ടിംഗ്’ സംവിധാനവും നിലവില്‍ വരും.
നുസുക് ആപ്പുമായി ബന്ധിപ്പിച്ച ഇര്‍ഷാദ് സേവനങ്ങള്‍ വഴി എളുപ്പത്തില്‍ ലൊക്കേഷനുകള്‍ കണ്ടെത്താന്‍ സാധിക്കും. തീര്‍ത്ഥാടകര്‍ക്ക് ഏറ്റവും സന്തോഷം നല്‍കുന്ന വാര്‍ത്ത ഹറമിലും ഇഅ്തികാഫ് കേന്ദ്രങ്ങളിലും ലഭ്യമാകുന്ന സൗജന്യ വൈഫൈ സേവനമാണ്. റമദാനിലെ ആദ്യ പത്ത് ദിവസത്തിനുള്ളില്‍ തന്നെ ഇന്റര്‍നെറ്റ് സേവനം പൂര്‍ണ്ണമായി പ്രവര്‍ത്തനസജ്ജമാകും. സാങ്കേതിക വിദ്യയുടെ സഹായത്തോടെ തീര്‍ത്ഥാടകരുടെ സേവനം കുറ്റമറ്റതാക്കാനുള്ള വലിയൊരു ചുവടുവെപ്പാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.



Be the first to comment