
തിരുവനന്തപുരം: കോണ്‍ഗ്രസ് ദേശീയ നേതാക്കളായ രാഹുല്‍ഗാന്ധിയും കെ സി വേണുഗോപാലും കേരളത്തില്‍ മത്സരിക്കുന്നതിനെച്ചൊല്ലി ഇന്ത്യ മുന്നണിയില്‍ ഭിന്നത. ഇതേത്തുടര്‍ന്നാണ് ഇന്ത്യ മുന്നണി ഇന്നലെ മുംബൈ ശിവജി പാര്‍ക്കില്‍ സംഘടിപ്പിച്ച മഹാറാലിയില്‍ നിന്നും സിപിഎം, സിപിഐ ജനറല്‍ സെക്രട്ടറിമാര്‍ വിട്ടു നിന്നതെന്നാണ് സൂചന. രാഹുലും വേണുഗോപാലും കേരളത്തില്‍ എല്‍ഡിഎഫിനെതിരെ മത്സരിക്കുന്നതില്‍ ഇടതു നേതൃത്വത്തിന് കടുത്ത അമര്‍ഷമുണ്ട്.
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയും റാലിയില്‍ പങ്കെടുത്തിരുന്നില്ല. ത്രിപുരയില്‍ ചില സുപ്രധാനയോഗങ്ങളുണ്ടായിരുന്നതിനാലാണ് റാലിയില്‍ പങ്കെടുക്കാതിരുന്നതെന്നാണ് യെച്ചൂരി പറഞ്ഞു. അതേസമയം സംഘടനാവിഷയങ്ങളുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നു എന്നാണ് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയുടെ വിശദീകരണം. ഇന്ത്യ മുന്നണിയിലെ സുപ്രധാന കക്ഷികളായ സിപിഎമ്മിനും സിപിഐക്കുമെതിരെയാണ് രാഹുലും വേണുഗോപാലും മത്സരിക്കുന്നത്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ സിപിഐക്കും, കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആലപ്പുഴയില്‍ സിപിഎമ്മിനുമെതിരെയാണ് മത്സരിക്കുന്നത്. ഒരേ മുന്നണിയിലെ പാര്‍ട്ടികള്‍ക്കെതിരെ കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കള്‍ മത്സരിക്കുന്നത് എന്തു സന്ദേശമാണ് നല്‍കുന്നതെന്നും ഇടതു നേതാക്കള്‍ ചോദിക്കുന്നു.
രാഹുലിന്റെയും വേണുഗോപാലിന്റെയും സ്ഥാനാര്‍ത്ഥിത്വം സുപ്രധാന നേട്ടമായാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം കാണുന്നത്. അതേസമയം കോണ്‍ഗ്രസ് ദേശീയ നേതൃത്വം വിശാല താല്‍പ്പര്യം കണക്കിലെടുത്ത് ആ സമ്മര്‍ദ്ദത്തിന് കീഴ്‌പ്പെടരുതായിരുന്നുവെന്നും ഇടതു നേതാക്കള്‍ അഭിപ്രായപ്പെടുന്നു. വയനാട്ടില്‍ സിപിഐയുടെ ആനി രാജയാണ് രാഹുലിന്റെ എതിരാളി. ആലപ്പുഴയില്‍ കെ സി വേണുഗോപാല്‍ സിറ്റിങ്ങ് എംപി സിപിഎമ്മിന്റെ എ എം ആരിഫിനെതിരെയാണ് മത്സരിക്കുന്നത്.
രാഹുല്‍ഗാന്ധിക്ക് ദക്ഷിണേന്ത്യയില്‍ മത്സരിക്കണമെങ്കില്‍ തമിഴ്‌നാട്, തെലങ്കാന, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ പരിഗണിക്കാമായിരുന്നു. ബിജെപിക്ക് വിജയസാധ്യത തീരെ കുറവുള്ള കേരളം തെരഞ്ഞെടുത്തു. ബിജെപിയാണ് മുഖ്യശത്രുവെന്ന് കോണ്‍ഗ്രസ് പറയുന്നു. എന്നിട്ട് എന്തിനാണ് ഇടതുപക്ഷത്തിനെതിരെ പോരാട്ടത്തിന് തയ്യാറായി. ഇത് വോട്ടര്‍മാര്‍ക്ക് എന്തു സന്ദേശമാണ് നല്‍കുന്നതെന്നും ഇടതു നേതാക്കള്‍ ചോദിക്കുന്നു.
Be the first to comment