ഡിഎൻഎ ഡബിൾ ഹീലിക്സ് ഘടന കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു. 97 വയസായിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ നിർണായക കണ്ടെത്തലായ ഡിഎൻഎ ഡബിൾ ഹീലിക്സ് കണ്ടെത്തിയതിലൂടെ ശ്രദ്ധേയനായി. ഫ്രാൻസിസ് ക്രിക്കിനൊപ്പമാണ് ജനിതക ഘടനയുമായി ബന്ധപ്പെട്ട കണ്ടെത്തൽ നടത്തിയത്. 1962 ൽ വൈദ്യശാസ്ത്രത്തിൽ നൊബേൽ സമ്മാനം നേടി.

24-ാം വയസിലായിരുന്നു ജെയിംസ് വാട്സൺ നിർണായക കണ്ടെത്തൽ നടത്തിയത്. ജീവികളുടെ ജനിതക ഘടനയിൽ മാറ്റം വരുത്തുക, രോഗികൾക്ക് ജീനുകൾ നൽകി ചികിത്സിക്കുക, ഡിഎൻഎ സാമ്പിളുകളിൽ നിന്ന് മൃതദേഹങ്ങളെയും പ്രതികളെയും തിരിച്ചറിയുക, തുടങ്ങിയവയ്ക്കെല്ലാം വാട്സന്റെ കണ്ടെത്തലുകൾ സഹായമായി. “ജീവിതത്തിന്റെ രഹസ്യം ഞങ്ങൾ കണ്ടെത്തി,” എന്നായിരുന്നു നിർണായക കണ്ടെത്തലിൽ ജെയിംസ് വാട്സണും ഫ്രാൻസിസ് ക്രിക്കും പ്രതികരിച്ചത്.

1869-ൽ ഡിഎൻഎ കണ്ടെത്തിയിരുന്നു. എന്നാൽ ഗവേഷകർക്ക് അതിന്റെ ഘടന കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കോശങ്ങളിലെ ജനിതക പദാർത്ഥം ഡിഎൻഎ ആണെന്ന് ശാസ്ത്രജ്ഞർ മനസ്സിലാക്കാൻ 1943 വരെ എടുത്തു. 1928 ഏപ്രിലിൽ ചിക്കാഗോയിലാണ് വാട്സൺ ജനിച്ചത്.
15-ാം വയസ്സിൽ ചിക്കാഗോ സർവകലാശാലയിൽ പഠിക്കാൻ അദ്ദേഹത്തിന് സ്കോളർഷിപ്പ് ലഭിച്ചു.

ഡിഎൻഎ ഘടനയെ കുറിച്ചുള്ള ഗവേഷണം മുന്നോട്ടുകൊണ്ടുപോകാൻ അദ്ദേഹം കേംബ്രിജിലെത്തി. അവിടെ അദ്ദേഹം ക്രിക്കിനെ കണ്ടുമുട്ടി, അദ്ദേഹത്തോടൊപ്പം ഡിഎൻഎയ്ക്ക് സാധ്യമായ ഘടനകളുടെ വലിയ തോതിലുള്ള മാതൃകകൾ നിർമ്മിക്കാൻ തുടങ്ങി.പിന്നാലെയായിരുന്നു നിർണായക കണ്ടെത്തൽ.

Be the first to comment

Leave a Reply

Your email address will not be published.


*