ചിക്കന്‍ ഏറെ നേരം കഴുകുന്നവരാണോ? എങ്കില്‍ സൂക്ഷിക്കണം: വലിയ അപകടം പതിയിരിക്കുന്നുണ്ട്

ഭൂരിഭാഗം ആളുകളും ചിക്കന്‍ വിഭവങ്ങള്‍ തയ്യാറാക്കുമ്പോള്‍ മാംസം നന്നായി കഴുകാറുണ്ട് അല്ലേ? മാംസം എത്ര പ്രാവശ്യം കഴുകാമോ അത്രയും വൃത്തിയും സുരക്ഷിതവുമാകും എന്നാണ് നാം കരുതുന്നതും. എന്നാല്‍ നിങ്ങള്‍ക്ക് ഒരു കാര്യം അറിയാമോ? ചിക്കന്റെ കാര്യത്തില്‍ ഭക്ഷ്യസുരക്ഷാ പഠനങ്ങള്‍ പറയുന്നത് വ്യത്യസ്തമായ ഒരു കാര്യമാണ്. അതായത് ചിക്കന്‍ കൂടുതല്‍ കഴുകുന്നത് സാല്‍മൊണെല്ല അണുബാധയുടെ സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം പറയുന്നു. ഇപ്പോള്‍ പല ചോദ്യങ്ങളും നിങ്ങളുടെ ഉള്ളിലൂടെ കടന്നുപോകുന്നുണ്ടാകും. ചിക്കന്‍ കഴുകുന്നത് പൂര്‍ണമായും ഒഴിവാക്കണോ ? ചിക്കന്‍ കൂടുതല്‍ വൃത്തിയാക്കരുത് എന്ന് പറയുന്നതിലെ ശാസ്ത്രീയ വശം എന്താണ്? പിന്നെ എങ്ങനെയാണ് ചിക്കന്‍ വൃത്തിയാക്കേണ്ടത്? ഈ സംശയങ്ങള്‍ക്കെല്ലാം ഉത്തരമുണ്ട്.

ചിക്കന്‍ കഴുകുന്നത് എങ്ങനെയാണ് അപകട സാധ്യത വര്‍ധിപ്പിക്കുന്നത്

പഠനങ്ങള്‍ പറയുന്നത് ചിക്കന്‍ കഴുകുമ്പോള്‍ മാംസത്തിന്റെ ഉപരിതലത്തില്‍ നിന്നുള്ള വെളളത്തുള്ളികള്‍ അടക്കമുള്ള വഴി ചുറ്റുമുളള പ്രതലത്തിലേക്ക് ബാക്ടീരിയകള്‍ പടരാമെന്നാണ്. നിങ്ങള്‍ കോഴിയിറച്ചി കഴുകുമ്പോള്‍ ചുറ്റുപാടുകളിലേക്ക് മാത്രമല്ല ശരീരത്തിലേക്കും അണുക്കള്‍ തെറിക്കാനും രോഗബാധയുണ്ടാകാനും സാധ്യതയുണ്ട്. യുഎസ് കൃഷിവകുപ്പിന്റെ 2019 ലെ ഒരു പഠനത്തിലാണ് ഇതേക്കുറിച്ച് പറയുന്നത്. പഠനത്തില്‍ ഉള്‍പ്പെട്ടവരില്‍ 60 ശതമാനം പേരുടെയും കിച്ചണ്‍ സിങ്കില്‍ ബാക്ടീരിയ ഉണ്ടായിരുന്നു. മാത്രമല്ല സിങ്ക് വൃത്തിയാക്കിയ ശേഷവും 14 ശതമാനം ആളുകളുടെയും കിച്ചന്‍ സിങ്കില്‍ ബാക്ടീരിയ അവശേഷിച്ചിരുന്നു. പച്ച കോഴിയിറച്ചി കഴുകുന്നത് സിങ്കുകളിലേക്കും, കൗണ്ടര്‍ടോപ്പുകളിലേക്കും, മറ്റ് അടുക്കള പ്രതലങ്ങളിലേക്കോ പാത്രങ്ങളിലേക്കോ ബാക്ടീരിയകള്‍ എളുപ്പത്തില്‍ പടരാന്‍ കാരണമാകും.

എന്ത് തരം ബാക്ടീരിയയാണ് അപകടകരം

സാല്‍മൊണെല്ല ബാക്ടീരിയയാണ് കോഴി ഇറച്ചി കഴുകുമ്പോള്‍ അപകടമുണ്ടാക്കുന്നത്. മൃഗങ്ങളുടെയും മനുഷ്യരുടെയും കുടലില്‍ സാധാരണയായി കാണപ്പെടുന്ന ഒരു കൂട്ടം ബാക്ടീരിയയാണ് സാല്‍മൊണെല്ല. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ അനുസരിച്ച് ലോകമെമ്പാടും ദശലക്ഷക്കണക്കിന് അണുബാധകള്‍ക്ക് സാല്‍മൊണെല്ല കാരണമാകുന്നുണ്ട്. പ്രധാനമായും മാംസം, മുട്ട, പാസ്ചറൈസ് ചെയ്യാത്ത പാലുത്പന്നങ്ങള്‍ തുടങ്ങിയ മലിനമായ ഭക്ഷണത്തിലൂടെയാണ് ഇത് സംഭവിക്കുന്നത്. വയറിളക്കം, ഓക്കാനം, പനി,ഛര്‍ദ്ദി, നിര്‍ജ്ജലീകരണം ഇവയൊക്കെയാണ് സാല്‍മൊണെല്ല ബാക്ടീരിയ ബാധിച്ചാലുണ്ടാകുന്ന ലക്ഷണങ്ങള്‍.

ചിക്കന്‍ പാകം ചെയ്യുന്നതിന് മുന്‍പ് കഴുകരുത് എന്നാണോ?

ചിക്കന്‍ അമിതമായി കഴുകുന്നത് ബാക്ടീരിയയുടെ സാന്നിധ്യം വര്‍ധിപ്പിക്കും എന്നതുകൊണ്ട് പലര്‍ക്കും സംശയമുണ്ടാകും അപ്പോള്‍ ഇനി എന്താണ് ചെയ്യേണ്ടതെന്ന്. ഇതിനര്‍ഥം ചിക്കന്‍ കഴുകേണ്ടതില്ല എന്നല്ല. ചില മുന്‍കരുതല്‍ ആവശ്യമുണ്ട് എന്നാണ്.

  • മാംസവിഭവങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് മുന്‍പ് പാകം ചെയ്യാത്ത ഭക്ഷണങ്ങള്‍, പച്ചക്കറികള്‍, സാലഡുകള്‍ എന്നിവ തയ്യാറാക്കി വയ്ക്കാം.
  • അസംസ്‌കൃത മാംസം, കോഴിയിറച്ചി എന്നിവയിലൊക്കെ സ്പര്‍ശിച്ച ശേഷം ഏതൊരു പ്രതലവും നന്നായി വൃത്തിയാക്കുക. (ചൂടുവെളളവും സോപ്പും ഉപയോഗിച്ച് വേണം അണുവിമുക്തമാക്കാന്‍)ഒപ്പം നിങ്ങളും ശുചിത്വത്തിന്റെ ഭാഗമായി ശരീരം വൃത്തിയാക്കേണ്ടതുണ്ട്.
  • ചിക്കന്‍ പാകം ചെയ്യുന്നതിനുളള താപനില 74ഡിഗ്രി സെല്‍ഷ്യസാണ്. ഈ താപനിലയില്‍ ഭക്ഷണം പാകം ചെയ്യുന്നത് ബാക്ടീരിയകള്‍ നശിക്കാന്‍ സഹായിക്കും.
  • അടുക്കളയില്‍ വച്ച് ചിക്കന്‍ കഴുകുന്നത് മുറിയിലാകെ സാല്‍മൊണെല്ല, ലിസ്റ്റീരിയ, കാമ്പിലോബാക്ടര്‍ തുടങ്ങിയ ബാക്ടീരിയകള്‍ പടര്‍ത്തുമെന്ന് പഠനങ്ങള്‍ കാണിക്കുന്നു.
    ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിലൂടെ ഭക്ഷ്യജന്യ രോഗങ്ങളില്‍നിന്ന് ഫലപ്രദമായ സംരക്ഷണം നേടാന്‍ കഴിയുമെന്നാണ് ആരോഗ്യ സംഘടന പറയുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*