കോഴിക്കോട് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റ സംഭവത്തിൽ പ്രതികരിച്ച് ഡിഎംഒ കെ രാജാറാം. ആക്രമണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്നും റിപ്പോർട്ട് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് കൈമാറുമെന്നും ഡിഎംഒ വ്യക്തമാക്കി.
ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണത്തെ അംഗീകരിക്കില്ലെന്നും ആശുപത്രിയിൽ എത്തുന്ന ഓരോരുത്തരെയും എയർപോർട്ടിൽ ഉള്ള സെക്യൂരിറ്റി ചെക്കിങ് പോലെ പരിശോധിച്ച് അകത്തു വിടണം. നാളെ മുതൽ ജില്ലയിലെ ഡോക്ടർമാർ പണിമുടക്കും. ഇന്ന് ജില്ലയിലെ പല ആശുപത്രികളിലെയും ഡോക്ടർമാർ പണിമുടക്കിലേക്ക് കടന്നിട്ടുണ്ട്. താലൂക്ക് ആശുപത്രികളിലെ ഒ പികൾ ബഹിഷ്കരിക്കുമെന്നും അത്യാഹിതവിഭാഗത്തിലെ സേവനങ്ങൾ അടക്കം ബഹിഷ്‌ക്കരിച്ച് ശക്തമായി പ്രതിഷേധിക്കാൻ ഒരുങ്ങുകയാണ് കെ ജി എം ഓയും ഐഎംഎയും.
അതേസമയം, താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്കെതിരെയുണ്ടായ ആക്രമണത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അപലപിച്ചു. ഡോക്ടര്‍ക്കെതിരായ ആക്രമണം അത്യന്തം അപലപനീയമാണെന്നും മനുഷ്യ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്നും ആരോഗ്യമന്ത്രി പ്രതികരിച്ചു. സംഭവത്തില്‍ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർ വിപിൻ്റെ തലയ്ക്കാണ് വെട്ടേറ്റത്. താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം പിടിപെട്ട് മരിച്ച ഒൻപത് വയസ്സുകാരിയുടെ പിതാവ് സനൂപാണ് ഡോക്ടറെ വെട്ടിയത്. കുടുംബത്തിന് നീതി ലഭിച്ചില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം. മകളെ കൊന്നില്ലേ എന്ന് ആക്രേശിച്ചായിരുന്നു ആക്രമണം നടത്തിയത്. ഡോക്ടറെ ആക്രമിച്ച സനൂപിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
രണ്ട് മക്കളുമായാണ് ഇയാൾ ആശുപത്രിയിലെത്തിയത്. കുട്ടികളെ പുറത്ത് നിർത്തിയാണ് സൂപ്രണ്ടിൻ്റെ റൂമിലെത്തിയത്. സൂപ്രണ്ടിനെ ലക്ഷ്യംവെച്ച് ഇയാൾ എത്തിയെങ്കിലും ആ സമയം സൂപ്രണ്ട് മുറിയിൽ ഉണ്ടായിരുന്നില്ല. പിന്നീട് ഡോക്ടര്‍ വിപിനെ വെട്ടുകയായിരുന്നു. പരുക്കേറ്റ ഡോക്ടറെ കോഴിക്കോട് ബേബി മെമ്മോറിയാൽ ഹോസ്പിറ്റലിലേക്ക് മാറ്റിയിരിക്കുകയാണ്. ആക്രമണത്തിൽ തലയോട്ടിക്ക് പൊട്ടലേറ്റ ഡോക്ടറുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് അധികൃതർ വ്യക്തമാക്കി.



Be the first to comment