താമരശ്ശേരിയിൽ ഒൻപത് വയസ്സുകാരിയുടെ മരണത്തിൽ അവ്യക്തത നീക്കാൻ ഡോക്ടർമാരോട് ആവശ്യപ്പെടും ; ആരോഗ്യമന്ത്രി

കോഴിക്കോട് താമരശ്ശേരിയിൽ ഒൻപത് വയസ്സുകാരി മരിച്ച സംഭവത്തിൽ അവ്യക്തത നീക്കാൻ ഡോക്ടർമാരോട് ആവശ്യപ്പെടുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പ്രാഥമികമായ റിപ്പോർട്ട് ഡിഎച്ച്എസും ഡിഎംഇയും നൽകിയിട്ടുണ്ട്. കുട്ടിക്ക് നൽകേണ്ട കൃത്യമായ ചികിത്സ നൽകിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളജ് ഡോക്ടർമാരുടെ ടീം വിഷയത്തിൽ വിശദീകരണം നൽകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

വിഷയത്തിൽ പലതരത്തിലുള്ള പ്രചരണങ്ങളാണ് നടക്കുന്നത്. റിപ്പോർട്ടുകളിൽ അവ്യക്തതയില്ല എന്നുള്ളതാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്. റിപ്പോർട്ടുമായി ബന്ധപ്പെട്ട അവ്യക്തതയുണ്ട് എന്ന പ്രചരണത്തിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളജ് ഡോക്ടർമാർ വിശദീകരിക്കും. പെൺകുട്ടിയുടെ സഹോദരന് അമീബിക് മസ്തിഷ്കജ്വരം ഉണ്ടായിരുന്നു. വിദഗ്ധ ചികിത്സയ്ക്ക് ശേഷം സഹോദരന്റെ രോഗം സുഖപ്പെടുകയും ചെയ്തിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അനയയുടെ മരണം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചല്ലെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് പിന്നാലെ പ്രതിഷേധം കടുപ്പിക്കുകയാണ് കുടുംബം . താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ചികിത്സാപ്പിഴവിൽ താമരശ്ശേരി ഡിവൈഎസ്പിയ്ക്ക് കുട്ടിയുടെ കുടുംബം പരാതി നൽകി . ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ല എന്നാണ് താലൂക്ക് ആശുപത്രി സൂപ്രണ്ടിൻ്റെ വിശദീകരണം. നിലവിൽ കുട്ടിയുടെ പരിശോധനയുമായി ബന്ധപ്പെട്ട് അമീബിക് മസ്തിഷ്ക ജ്വരം ആണെന്നും അല്ലെന്നുമുള്ള രണ്ട് റിപ്പോർട്ടുകൾ ആണുള്ളത് ഇതിൽ വ്യക്തത വരുത്തേണ്ടത് മെഡിക്കൽ കോളജ് ആണെന്നും സൂപ്രണ്ട് വ്യക്തമാക്കുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*