യു കെയിൽ മലയാളി യുവാവിനെ ആക്രമിച്ച് നായ്ക്കള്‍; ഉടമയെ അറസ്റ്റ് ചെയ്തു

വെയില്‍സ്, യു കെ: മലയാളി യുവാവിനു നേരെ വീടിന് മുന്നില്‍ വച്ച് നായ്ക്കളുടെ ആക്രമണം. അതിസാഹസികമായാണ് നായ്ക്കളുടെ ആക്രമണത്തില്‍ നിന്നും യുവാവ് ജീവനോടെ രക്ഷപ്പെട്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. വെയില്‍സിലെ റെക്‌സ്ഹാമിലാണ് ‘ബുള്‍ഡോഗ്’ ഇനത്തില്‍പ്പെട്ട രണ്ട് നായ്ക്കളുടെ ആക്രമണമാണ് കോട്ടയം സ്വദേശിയായ യുവാവിന് നേരെ ഉണ്ടായത്. തുടലില്ലാത്ത നിലയില്‍ ഉടമയായ സ്ത്രീയുടെ സമീപത്ത് നില്‍ക്കുകയായിരുന്ന നായ്ക്കള്‍ അതുവഴി പോയ സൈക്കിള്‍ യാത്രക്കാരനെ ആക്രമിച്ച ശേഷമാണ് യുവാവിനെ ആക്രമിച്ചത്.

വീടിന് സമീപമുള്ള മറ്റൊരു വീട്ടില്‍ നടന്ന സ്വകാര്യ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിവരവേ രാത്രി 11 മണിയോടെയാണ് നായ്ക്കള്‍ ആക്രമിച്ചത്. നിരവധി വീടുകള്‍ ഉള്ള പ്രദേശത്ത് നായ്ക്കളുമായി രാത്രിയില്‍ നടക്കാന്‍ ഇറങ്ങിയതാണ് ഉടമയായ സ്ത്രീയും പങ്കാളിയും. പെട്ടെന്നാണ് യാതൊരു പ്രകോപനവുമില്ലാതെ സ്വന്തം വീട്ടിലേക്ക് നടന്നു വന്ന യുവാവിനെ നായ്ക്കള്‍ ആക്രമിച്ചത്. ഉടനെ വീടിനുള്ളിലേക്ക് ചാടിക്കയറിയ യുവാവിനെ നായ്ക്കള്‍ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. 

നെഞ്ച്, വയറ്, കൈ, കാലുകള്‍, തലയുടെ ഇടതു ഭാഗം എന്നിവിടങ്ങളില്‍ പരുക്കേറ്റ യുവാവ് ഉടന്‍ തന്നെ പൊലീസിന്റെ സഹായം തേടി. മിനിറ്റുകൾക്കുള്ളിൽ സംഭവ സ്ഥലത്ത് എത്തിയ പോലീസ് ആംബുലൻസിൽ ഉടൻ തന്നെ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചു. അതേസമയം, സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ട നായ്ക്കളുടെ ഉടമയായ സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. നായ്ക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Be the first to comment

Leave a Reply

Your email address will not be published.


*