വീണ്ടും ട്രംപിന്റെ അപ്രതീക്ഷിത നയതന്ത്ര നീക്കം; ഷി ജിന്‍ പിങുമായി ഫോണില്‍ സംസാരിച്ചു

വീണ്ടും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അപ്രതീക്ഷിത നയതന്ത്ര നീക്കം. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങുമായി ടെലിഫോണില്‍ സംസാരിച്ചതായി ട്രംപ് അറിയിച്ചു. സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ചയായെന്നും തന്റെ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് അറിയിച്ചു. ചൈനയിലേക്ക് ഏപ്രിലില്‍ നടത്താനിരിക്കുന്ന സന്ദര്‍ശനം ഉള്‍പ്പെടെ സംഭാഷണത്തില്‍ ചര്‍ച്ചയായെന്നാണ് ട്രംപ് സൂചിപ്പിച്ചിരിക്കുന്നത്.

എയര്‍പ്ലെയിന്‍ എഞ്ചിന്‍ കൈമാറ്റം, കാര്‍ഷിക, പ്രതിരോധ ഉത്പ്പന്നങ്ങളുടെ ഇറക്കുമതി, റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, റഷ്യ-യുക്രൈന്‍ യുദ്ധം, തായ്വാനുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയായെന്നാണ് സൂചന. ചൈന അമേരിക്കയില്‍ നിന്നും കൂടുതലായി സോയാബീന്‍സ് വാങ്ങുന്നത് ഉള്‍പ്പെടെ സമ്മതിച്ചിട്ടുണ്ടെന്നാണ് ട്രംപിന്റെ അവകാശവാദം. തന്റെ ചൈന സന്ദര്‍ശനത്തെ ചൈനയും അമേരിക്കയും ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയുമായി ബന്ധപ്പെട്ടും ട്രംപ് ചില സുപ്രധാന നയതന്ത്ര നീക്കങ്ങള്‍ നടത്തുകയും ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ സാധ്യമാകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ റഷ്യയില്‍ നിന്നുമുള്ള എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മതിച്ചതായി ഡോണാള്‍ഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. പകരം ഇന്ത്യയ്ക്ക് വെനസ്വേലയില്‍ നിന്ന് എണ്ണ വാങ്ങാമെന്നായിരുന്നു ട്രംപിന്റെ നിര്‍ദേശം. 500 ബില്യണ്‍ ഡോളറില്‍ അധികം വരുന്ന യുഎസിന്റെ ഊര്‍ജ്ജം, സാങ്കേതികവിദ്യ കല്‍ക്കരി തുടങ്ങിയ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുമെന്ന് ഉറപ്പും പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*