
ഇന്ത്യയ്ക്കുമേല്‍ അധിക തീരുവ ചുമത്തിയ നടപടിയെ വീണ്ടും ന്യായീകരിച്ച് അമേരിക്കന്‍ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യ ഏറ്റവും കൂടുതല്‍ തീരുവ ചുമത്തുന്ന രാജ്യമാണെന്നും അമേരിക്കന്‍ ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ വില്‍ക്കാന്‍ കഴിയുന്നില്ലെന്നും ട്രംപ് ആരോപിച്ചു.
തീരുവ യുദ്ധത്തില്‍ ഇരുരാജ്യങ്ങള്‍ തമ്മിലെ ബന്ധം പിന്നോട്ടു പോകുമ്പോഴാണ് ട്രംപിൻ്റെ പുതിയ വിമര്‍ശനം. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന താരിഫുകളില്‍ ചിലത് ഇന്ത്യ ഏര്‍പ്പെടുത്തിയതാണ്. ഇന്ത്യ അമിത തീരുവ ഏര്‍പ്പെടുത്തുമ്പോഴും ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ അമേരിക്കന്‍ മാര്‍ക്കറ്റിലേക്ക് ഒഴുകുകയാണ്. ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകള്‍ക്ക് ഇന്ത്യ 200 ശതമാനം നികുതിയാണ് ചുമത്തിയിരുന്നത്. ഇതേതുടര്‍ന്ന് അവര്‍ക്ക് ഇന്ത്യയില്‍ പ്ലാൻ്റ് തുടങ്ങേണ്ടി വന്നെന്നും ട്രംപ് കുറ്റപ്പെടുത്തി.
അതേസമയം ഇന്ത്യ യുഎസ് ബന്ധം പഴയപടിയാകുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ പ്രതികരിച്ചു. നവംബറോടെ ഉഭയകക്ഷി കരാര്‍ ഉണ്ടാക്കാനാകുമെന്നും മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇരുരാജ്യങ്ങള്‍ തമ്മില്‍ വ്യപാര കരാറില്‍ അവസാനമായ ചര്‍ച്ച നടന്നത്. അടുത്ത ഘട്ട ചര്‍ച്ച ഓഗസ്റ്റ് 25ന് നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും തീരുവ പ്രഖ്യാപനത്തോടെ നടന്നില്ല. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് ഇന്ത്യക്കുമേല്‍ ഏര്‍പ്പെടുത്തിയ 25 ശതമാനം അധിക തീരുവ പിന്‍വലിക്കുന്നതടക്കം ചര്‍ച്ച തുടരുന്നതില്‍ നിര്‍ണായകമെന്ന് ഇന്ത്യ വ്യക്തമാക്കി.
Be the first to comment