ഇറക്കുമതി ചുങ്കത്തില്‍ ഇന്ത്യക്ക് മുന്നറിയിപ്പുമായി ട്രംപ്; ‘വലിയ നികുതി ഏര്‍പ്പെടുത്തിയാല്‍ തിരിച്ചും ഇത് തന്നെ ചുമത്തും’

ഇറക്കുമതി ചുങ്കത്തില്‍ ഇന്ത്യക്ക് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യ വലിയ ഇറക്കുമതി ചുങ്കം ചുമത്തുന്നുവെന്ന് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചു. ഏപ്രില്‍ രണ്ട് മുതല്‍ പരസ്പര പൂരകമായ നികുതി ചുമത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. അമേരിക്കന്‍ ഉത്പ്പന്നങ്ങള്‍ക്ക് വലിയ നികുതി ചുമത്തുന്ന രാജ്യങ്ങള്‍ക്ക് മേല്‍ അതേ നികുതി തന്നെ തിരിച്ചും ഏര്‍പ്പെടുത്തുമെന്നും ട്രംപ് അറിയിച്ചു. യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത് സംസാരിക്കവേയായിരുന്നു ട്രംപിന്റെ പരാമര്‍ശം. 

അമേരിക്കയുടെ ചരിത്രത്തില്‍ തന്നെ കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ പ്രസംഗമാണ് ഇന്ന് നടത്തിയത്. കുടിയേറ്റ പ്രശ്‌നങ്ങള്‍, ലഹരി, ലിംഗമാറ്റം, ഇറക്കുമതിച്ചുങ്കം, യുക്രൈനുമായുള്ള കരാര്‍, പനാമ കനാല്‍ ഇടപാട് തുടങ്ങി നിരവധി വിഷയങ്ങള്‍ പരാമര്‍ശിച്ചുകൊണ്ടാണ് ട്രംപ് ഇന്ന് സംസാരിച്ചത്. അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരം പുറത്താക്കുന്നത് തുടരുമെന്ന് ട്രംപ് ആവര്‍ത്തിച്ചു. മയക്കുമരുന്ന് മാഫിയകളെ ഭീകരസംഘടനകളായി പ്രഖ്യാപിക്കും. കുട്ടികളിലെ ലിംഗമാറ്റം കുറ്റകരമാക്കുന്ന നിയമം പാസാക്കും. ഗ്രീന്‍ലാന്‍ഡ് ഏറ്റെടുക്കാന്‍ അമേരിക്ക തയ്യാറാകുകയാണെന്നും ട്രംപ് പറഞ്ഞു. പനാമ കനാല്‍ തിരിച്ചെടുക്കുന്നതിനുള്ള നീക്കങ്ങള്‍ അമേരിക്ക ആരംഭിക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി.

യുക്രൈനുമായുള്ള കരാര്‍ അലസിപ്പിരിഞ്ഞതിന് പിന്നാലെ യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി നടത്തിയ മാപ്പപേക്ഷ താന്‍ അംഗീകരിക്കുന്നതായും ട്രംപ് വ്യക്തമാക്കി. ജോ ബൈഡന്റെ ഭരണകാലത്ത് മാത്രം 21 മില്യണ്‍ ആളുകള്‍ അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയെന്ന് ട്രംപ് പറഞ്ഞു. 7 മില്യണ്‍ പേര്‍ യുഎസ്- മെക്‌സികോ അതിര്‍ത്തിയില്‍ അറസ്റ്റിലായി. നികുതിയുമായി ബന്ധപ്പെട്ട് യുഎസ് സമ്പദ് വ്യവസ്ഥ നിലവില്‍ ചെറിയ ചില ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്നും എന്നാല്‍ വൈകാതെ തന്നെ ആഭ്യന്തര വ്യവസായങ്ങള്‍ക്ക് ഉണര്‍ച്ച ലഭിക്കാന്‍ പോകുകയാണെന്നും ട്രംപ് വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*