
ന്യൂഡല്‍ഹി: താരിഫ് നിരക്കില്‍ ഇന്ത്യയോട് നിലപാട് കടുപ്പിക്കുന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ പരിഹസിച്ച് ചൈന. ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ ഷു ഫെയ്ഹോങ് ആണ് ട്രംപിന്റെ നിലപാടിനെതിരെ രംഗത്തെത്തിയത്. ‘ഭീഷണിപ്പെടുത്തുന്നവർക്ക് ഒരു ഇഞ്ച് കൊടുത്താല്‍ അയാള്‍ ഒരു മൈല്‍ പിടിച്ചെടുക്കും’ എന്ന എക്‌സ് കുറിപ്പിലാണ് ചൈനീസ് അംബാസഡര്‍ വിഷയത്തില്‍ പ്രതികരിക്കുന്നത്.
തീരുവകളെ മറ്റു രാജ്യങ്ങളെ അടിച്ചമര്‍ത്താനുള്ള ആയുധമായി ഉപയോഗിക്കുന്നത് യുഎന്‍ ചാര്‍ട്ടറിന്റെ ലംഘനമാണ്. ലോക വ്യാപാര സംഘടനാ നിയമങ്ങളുടെ അട്ടിമറിക്കുന്ന ഇത്തരം നീക്കങ്ങള്‍ അസന്തുലിതാവസ്ഥ സൃഷ്ടിക്കും എന്നും കുറിപ്പിന് ഒപ്പം പങ്കുവച്ച കാര്‍ഡില്‍ ചൈനീസ് അംബാസഡര്‍ ചൂണ്ടിക്കാട്ടുന്നു. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും ബ്രസീലിന്റെ പ്രസിഡന്റ് ലുലയുടെ ഉപദേഷ്ടാവ് സെല്‍സോ അമോറിയും തമ്മില്‍ നടത്തിയ സംഭാഷണത്തിലെ പരാമര്‍ശമാണ് ഇത്.
ഇന്ത്യയ്ക്ക് പുറമെ യുഎസ് ഏറ്റവും ഉയര്‍ന്ന തീരുവ ചുമത്തിയ രാജ്യങ്ങളില്‍ ഒന്നാണ് ബസീല്‍. ബ്രസീല്‍ പ്രസിഡന്റ് ലുലയുമായി ചൈന നടത്തിയ നിര്‍ണായക ചര്‍ച്ചയിലെ പരാമര്‍ശം ഉപയോഗിക്കുന്നതിലൂടെ യുഎസിന്റെ താരഫ് നിലപാടിനോടുള്ള നിലപാട് കൂടിയാണ് ചൈന വ്യക്തമാക്കുന്നത് എന്നാണ് വിലയിരുത്തല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രസീല്‍ പ്രസിഡന്റ് ലുല ഡസില്‍വയും കഴിഞ്ഞ ദിവസം ഫോണില്‍ സംസാരിച്ചിരുന്നു. ബ്രിക്‌സ് ഗ്രൂപ്പില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ താരിഫുകളെ നേരിടുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്ന ലുല ഡസില്‍വയുടെ പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു ഇരുനേതാക്കളുടെയും ഫോണ്‍ സംഭാഷണം.
റഷ്യയില്‍നിന്ന് എണ്ണ വാങ്ങി യുക്രൈന്‍ യുദ്ധത്തെ സഹായിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയ്ക്ക് മേല്‍ ട്രംപി അധിക തീരുവ ചുമത്തിയത്. ജൂലൈ 30-ന് ഇന്ത്യക്കുമേല്‍ 25 ശതമാനം തീരുവ യുഎസ് ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ 25 ശതമാനം അധികത്തീരുവ കൂടി ട്രംപ് പ്രഖ്യാപിച്ചു. അധികനികുതി ഓഗസ്റ്റ് അവസാനത്തോടെ നിലവില്‍ വരുമ്പോള്‍ യുഎസിലേക്കുള്ള കയറ്റുമതി ചെയ്യുന്ന ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്കുള്ള തീരുവ അന്‍പതുശതമാനമായി ഉയരും.
Be the first to comment