അധികാരത്തില്‍ ഇരുന്ന് ഞെളിയരുത്, ആര്യ രാജേന്ദ്രന് അഹങ്കാരവും ധാര്‍ഷ്ട്യവും; വിമര്‍ശിച്ച് വെള്ളാപ്പള്ളി

ആലപ്പുഴ: തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഉണ്ടായ പരാജയത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനെ  രൂക്ഷമായി വിമര്‍ശിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വിനയം കാട്ടാതെ പ്രായത്തിന്റെയും ചെറുപ്പത്തിന്റെയും അഹങ്കാരവും ധാര്‍ഷ്ട്യവും കാട്ടിയതാണ് പരാജയത്തിന് കാരണമെന്ന് വെള്ളാപ്പള്ളി നടേശന്‍ കുറ്റപ്പെടുത്തി. ‘തിരുവനന്തപുരത്തെ മേയര്‍ ആര്യ രാജേന്ദ്രനെ എല്ലാവരും കൂടെ പൊക്കി, അവര്‍ അങ്ങ് പൊങ്ങുകയും ചെയ്തു. ഈ പൊങ്ങച്ചത്തിന്റെ ദോഷം ഉണ്ടായി. ആളുകളോടുള്ള പെരുമാറ്റം മോശമായിരുന്നു. അധികാരത്തിന്റെ ധാര്‍ഷ്ട്യമായിരുന്നു അവര്‍ക്ക്’- വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.

അധികാരത്തില്‍ ഇരിക്കുമ്പോള്‍ വിനയം കാട്ടാതെ പ്രായത്തിന്റെയും ചെറുപ്പത്തിന്റെയും അഹങ്കാരവും ധാര്‍ഷ്ട്യവും കാട്ടിയതാണ് ചര്‍ച്ചാവിഷയമായത്. ഇതാണ് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായത്. അധികാരത്തില്‍ ഇരുന്ന് ഞെളിയരുത്. എന്തെല്ലാം നല്ല നേട്ടങ്ങള്‍ ചെയ്തിട്ടും അത് താഴെത്തട്ടില്‍ അറിയിക്കാന്‍ ഇടതുപക്ഷത്തിന് സാധിച്ചില്ല. പിന്നെ മസിലുപിടിത്തമുണ്ട്. ആളുകളോട് മാന്യമായിട്ടും സ്നേഹമായിട്ടും പെരുമാറേണ്ടതുണ്ട്’- വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി. തിരുവനന്തപുരം ജില്ലയില്‍ ബിജെപി വോട്ടുഷെയര്‍ വര്‍ദ്ധിപ്പിച്ചുവെന്നത് നേരുതന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

ശ്രീനാരായണ പ്രസ്ഥാനം ഒരു മതത്തിനും എതിരല്ലെന്നും ആ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന തന്നെ ഒരു മുസ്ലീം വിരോധിയായി കണ്ടു ലീഗ് വേട്ടയാടുന്നുവെന്നും വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു. ലീഗുകാര്‍ തന്നെ തേജോവധം ചെയ്തു. ജനാധിപത്യത്തെ കശാപ്പ് ചെയ്തവരാണ് ലീഗുകാര്‍. ലീഗുകാര്‍ക്ക് അഹങ്കാരമാണ്. മണിപവറും മസില്‍ പവറും മാന്‍ പവറും ഉപയോഗിച്ച ലീഗുകാര്‍ എസ്എന്‍ഡിപി യോഗത്തെ തകര്‍ക്കാന്‍ ആളും അര്‍ഥവും നല്‍കിയതായും വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു.

 

Be the first to comment

Leave a Reply

Your email address will not be published.


*