ഡബിൾ ഡെക്കർ ബസ് അപകടം; ഡ്രൈവറെ സസ്പെൻഡ് ചെയ്ത് കെഎസ്ആർടിസി

മൂന്നാറിൽ കെഎസ്ആർടിസിയുടെ ആഡംബര ഡബിൾ ഡക്കർ ബസ് അപകടത്തിൽപ്പെട്ട സംഭവത്തിൽ ബസ് ഡ്രൈവറെ സസ്പെൻഡ് ചെയ്ത് കെഎസ്ആർടിസി. ഡ്രൈവർ മുഹമ്മദ് കെ.പിയുടെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടായെന്നാണ് കണ്ടെത്തൽ. ബസ് അപകടത്തിൽപ്പെട്ടത് ഡ്രൈവറുടെ അശ്രദ്ധ മൂലമാണെന്ന് ട്വന്റിഫോർ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു.

എതിരെ വന്ന കാറിന്റെ അമിതവേഗമാണ് അപകടകാരണമെന്നാണ് ഡ്രൈവർ ആദ്യം പറഞ്ഞിരുന്നത്. എന്നാൽ എതിരെയൊരു വാഹനം ഉണ്ടായിരുന്നില്ലെന്ന് സിസിടിവി ദൃശ്യങ്ങളിൽ ബോധ്യപ്പെട്ടു. ഡ്രൈവറെ വെള്ളപൂശി ആദ്യഘട്ടത്തിൽ കെഎസ്ആർടിസി രംഗത്ത് വന്നിരുന്നു. വിശദമായ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.

കഴിഞ്ഞ വെള്ളിയാഴ്ച ചിന്നക്കനാൽ നിന്ന് സഞ്ചാരികളുമായി പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ദേശീയപാതയോരത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം തകർത്ത ശേഷം ബസ് സമീപത്തെ കാനയിൽ ഇടിച്ചുനിന്നു. യാത്രക്കാർക്ക് പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ബസിൽ 45 യാത്രക്കാരുണ്ടായിരുന്നു. വിനോദസഞ്ചാരികളെ മറ്റൊരു ബസിൽ മൂന്നാറിലെത്തിക്കുകയായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*