
സിപിഐഎം രാജാക്കാട് ഏരിയ സെക്രട്ടറിയും എംഎം മണിയുടെ മകളുമായ സുമ സുരേന്ദ്രന് ഇരട്ട വോട്ട് ഉണ്ടെന്ന് ആരോപണം. തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ രാജകുമാരി പഞ്ചായത്തിലും രാജാക്കാട് പഞ്ചായത്തിലുമാണ് സുമാ സുരേന്ദ്രന് വോട്ട് ഉള്ളത്. രാജകുമാരി പഞ്ചായത്തിലെ വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേടുണ്ടെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്ത് എത്തിയിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടിക പ്രസിദ്ധീകരിച്ചപ്പോൾ രാജകുമാരി പഞ്ചായത്ത് ഒന്നാം വാർഡിലും, രാജാക്കാട് പഞ്ചായത്ത് അഞ്ചാം വാർഡിലുമാണ് സുമ സുരേന്ദ്രന് വോട്ട് ഉള്ളത്. നിലവിൽ രാജാക്കാട് പഞ്ചായത്ത് അഞ്ചാം വാർഡിൽ സ്ഥിരതാമസക്കാരിയാണ് സുമ. മുൻപ് രാജകുമാരി ഒന്നാം വാർഡിൽ നിന്ന് വിജയിച്ച് പഞ്ചായത്ത് പ്രസിഡൻ്റ് ആയിരുന്നു. രാജകുമാരിയിൽ വ്യാപകമായി സിപിഐഎം കള്ളവോട്ട് ചേർത്തതിൻ്റെ ഭാഗമാണ് സുമ സുരേന്ദ്രന്റെ ഇരട്ട വോട്ട് എന്നാണ് കോൺഗ്രസിന്റെ ആരോപണം.
അതേസമയം ഇരട്ട വോട്ട് സാങ്കേതിക പിഴവ് എന്നാണ് സുമാ സുരേന്ദ്രന്റെ വിശദീകരണം. രണ്ടിടത്തും വോട്ട് ഉണ്ടെന്ന് അറിഞ്ഞതോടെ രാജകുമാരി പഞ്ചായത്തിലെ വോട്ട് റദ്ദാക്കാൻ രേഖാമൂലം അപേക്ഷ നൽകിയിരുന്നു. എൻആർ സിറ്റിയിലെ എകെജി സേവാ കേന്ദ്രം വഴിയാണ് അപേക്ഷ നൽകിയതെന്നു സുമ പറഞ്ഞു. ജീവനക്കാരുടെ വീഴ്ചയായിരിക്കും രാജകുമാരിയിലെ വോട്ട് റദ്ദാകാതിരിക്കാൻ കാരണമെന്ന് സുമ കുറ്റപ്പെടുത്തി. അതേസമയം രാജകുമാരിയിലെ ഇരട്ട വോട്ട് ആരോപണത്തിൽ കർശന നടപടി വേണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം.
Be the first to comment