സ്ത്രീധനം നൽകുന്നത് കുറ്റമല്ലാതാക്കണമെന്ന് നിയമ പരിഷ്‌കരണ കമ്മിഷൻ; കേന്ദ്രത്തോട് സത്യവാങ്മൂലം തേടി ഹൈക്കോടതി

എറണാകുളം: സ്ത്രീധനം നൽകുന്നത് കുറ്റകരമല്ലാതാക്കാൻ ശിപാർശ ചെയ്‌ത് സംസ്ഥാന നിയമ പരിഷ്‌കരണ കമ്മിഷൻ. സ്ത്രീധന നിരോധന നിയമത്തിൽ ഭേദഗതി കൊണ്ടുവരാനാണ് ഈ ശിപാർശ. നിയമ പരിഷ്‌കാര കമ്മിഷൻ്റെ ശിപാർശ സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. 1961 ലെ സ്ത്രീധന നിരോധന നിയമത്തിൽ ഭേദഗതി വരുത്തണമെന്നുമാണ് ആവശ്യം.

സ്ത്രീധനം കൊടുക്കുന്നത് കുറ്റകരമല്ലാതാക്കണം. ഇതിലൂടെ സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങൾ തുറന്നു പറയാൻ ഇരകൾക്ക് പ്രചോദനമാകുമെന്നാണ് കമ്മിഷൻ ശിപാർശയ്ക്കാധാരമായി പറയുന്ന കാരണം. സ്‌ത്രീധനത്തെ വരനോ വരൻ്റെ വീട്ടുകാരോ ആവശ്യപ്പെടുന്ന സ്വത്തോ സെക്യൂരിറ്റിയോ ആയി കാണണമെന്നും എന്നാൽ ഇത് ആവശ്യപ്പെടുന്നത് കുറ്റകരമാക്കണമെന്നുമാണ് കമ്മിഷൻ്റെ ശുപാർശയിൽ പറയുന്നത്.

KERALA HC  DOWRY HARRASMENT KERALA  KERALA LAW REFORMS COMMISSION  DOWRY PROHIBITION ACT

”സ്‌ത്രീധനം നൽകുന്നതും വാങ്ങുന്നതും കുറ്റകരമായ സാഹചര്യത്തിൽ അതിക്രമം നേരിടുന്ന ഇര ഇക്കാര്യം വെളിപ്പെടുത്താൻ ഭയപ്പെടുന്നു. സ്‌ത്രീധനം നൽകുന്നത് നിയമ വിരുദ്ധമായ സാഹചര്യത്തിൽ പല അതിക്രമങ്ങളും പുറത്തുവരുന്നില്ല. വിവാഹത്തിന് വധുവിന് നൽകുന്ന സമ്മാനം സ്‌ത്രീകളുടെ ഭാവി സുരക്ഷിതമാക്കാൻ വേണ്ടിയുള്ളതാണ്. പണമോ മറ്റ് സ്വത്തുക്കളോ ആവശ്യപ്പെടുന്നത് തെറ്റായ പ്രവണതയാണ്. എന്നാൽ സ്‌ത്രീകളുടെ ഭാവിയ്‌ക്കായി നൽകുന്ന പണമോ സ്വർണമോ നിയമത്തിൻ്റെ പരിധിയിൽ കുറ്റമായി മാറുന്നത് പലരും അതിക്രമങ്ങള്‍ തുറന്ന് പറയുന്നതിൽ നിന്ന് പിന്മാറി നിൽക്കുന്നു” – എറണാകുളം സ്വദേശിനി ടെൽമി ജോളി ഇടിവി ഭാരതിനോട് പറഞ്ഞു.

സ്‌ത്രീധനം നൽകുന്നത് കുറ്റമായി കണക്കാക്കുന്ന സ്‌ത്രീധന നിരോധന നിയമത്തിലെ വകുപ്പ് മൂന്ന് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എറണാകുളം സ്വദേശിനി ടെൽമി ജോളി നൽകിയ ഹർജിയിലായിരുന്നു സർക്കാരിൻ്റെ മറുപടി.

KERALA HC  DOWRY HARRASMENT KERALA  KERALA LAW REFORMS COMMISSION  DOWRY PROHIBITION ACT

കഴിഞ്ഞ പത്തുവർഷത്തിനിടെ സംസ്ഥാനത്ത് നിരവധി സ്‌ത്രീകളാണ് സ്‌ത്രീധനത്തിൻ്റെ പേരിൽ കൊല്ലപ്പെടുകയോ ജീവനൊടുക്കുകയോ ചെയ്‌തത്. നിലവിലെ നിയമപ്രകാരം സ്‌ത്രീധനം നൽകുന്നതും വാങ്ങുന്നതും കുറ്റകരമായതിനാൽ സ്‌ത്രീകൾക്ക് നേരെയുണ്ടാകുന്ന ആക്രമണത്തിൽ നിയമ നടപടി ഭയന്ന് വധുവിൻ്റെ ഭാഗത്ത് നിന്നോ വീട്ടുകരുടെ ഭാഗത്ത് നിന്നോ പരാതി നൽകാൻ മടിക്കും. ഇത് ഒഴിവക്കാനാണ് പുതിയ നിയമഭേദഗതി കൊണ്ടുവരണമെന്ന് കമ്മിഷൻ്റെ ആവശ്യപ്പെടുന്നത്.

ഹർജിയിൽ ഹൈക്കോടതി കേന്ദ്ര സർക്കരിൻ്റെ മറുപടി തേടി. ഫെബ്രുവരി 11 നകം ഇക്കാര്യത്തിൽ സത്യവാങ്മൂലം നൽകാൻ കേന്ദ്ര സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി. ഫെബ്രുവരി 11 ന് വിഷയം വീണ്ടും പരിഗണിക്കും.

1961 ലെ സ്‌ത്രീധന നിരോധന നിയമം ഇന്ത്യയിൽ സ്‌ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും ആവശ്യപ്പെടുന്നതും കുറ്റകരമായി കണക്കാകുന്നു. ഈ നിയമ പ്രകാരം സ്‌ത്രീധനം ആവശ്യപ്പെട്ടാൽ ആറ് മാസം മുതൽ രണ്ട് വർഷം വരെ തടവും സ്‌ത്രീധനം വാങ്ങിയാൽ അഞ്ച് വർഷം തടവും പിഴയും ശിക്ഷ ലഭിക്കാം.

എല്ലാ ജാതിമതസ്ഥർക്കും ഈ നിയമം ബാധകമാണ്. സർക്കാർ ജീവനക്കാർ സ്‌ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യില്ലെന്ന് സത്യവാങ്മൂലം സമർപ്പിക്കണം. വിവാഹ സമയത്ത് വധൂവരന്മാർക്ക് പരസ്‌പരം നൽകുന്ന സമ്മാനങ്ങൾക്ക് ഇളവുകൾ നൽകുന്നുണ്ടെങ്കിലും അത് നിർബന്ധിതമായാൽ കുറ്റകരമായി കണകാക്കും.

Be the first to comment

Leave a Reply

Your email address will not be published.


*