തദ്ദേശ ഭരണ പരിഷ്കാര കമ്മീഷൻ; ഡോ. ബി അശോകിന്റെ നിയമനം കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്റ്റേ ചെയ്തു

തദ്ദേശ ഭരണ പരിഷ്കാര കമ്മീഷനായി ഡോ.ബി.അശോകിനെ നിയമിച്ച മന്ത്രിസഭാ തീരുമാനം കൊച്ചി കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്റ്റേ ചെയ്തു. ജസ്റ്റീസ് കെ.ഹരിപാൽ, മെമ്പർ വി. രമാമാത്യൂ എന്നിവരടങ്ങിയ ബഞ്ചാണ് കേസ് പരിഗണിച്ചത്.

കേന്ദ്ര ഐഎഎസ് ഡെപ്യൂട്ടേഷൻ ചട്ടങ്ങളും ഡെപ്യൂട്ടേഷൻ സംബന്ധിച്ച നിരവധി സൂപ്രീം കോടതി വിധികൾക്കുമെതിരെയാണ് കമ്മീഷനായുള്ള തന്റെ ഏകപക്ഷീയ നിയമനം എന്നാണ് ഡോ. അശോക് വാദിച്ചത്. കേസ് വന്നതിനെ തുടർന്ന് സർക്കാർ ഇന്നലെ ടിങ്കു ബിസ്വാളിന് കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധിക ചുമതല തിരക്കിട്ട് കൈമാറിയിരുന്നു. ഇത് റദ്ദായി.

കാർഷികോത്പാദന കമ്മീഷണർ, പ്രിൻസിപ്പൽ സെക്രട്ടറി, കാർഷിക സർവകലാശാല വൈസ് ചാൻസിലർ എന്നീ പദവികളിൽ ഡോ. അശോകിന് തുടരാം. ഡോ. അശോകിനുവേണ്ടി അഡ്വ. കെ.ഗിരിജ ഗോപാൽ ഹാജരായി.

ഒരു കമ്മീഷൻ രൂപീകരിക്കുന്നതിൽ പാലിക്കേണ്ട അടിസ്ഥാന നടപടിക്രമങ്ങൾ ഒന്നും തന്നെ പാലിക്കാതെയാണ് കമ്മീഷനിൽ നിയമനം നടത്തിയതെന്ന് വാദത്തിനിടെ ട്രിബ്യൂണൽ നിരീക്ഷിച്ചു. ശമ്പളവും വാഹനവും തടസ്സം വരാത്തരീതിയിൽ നിയമനം ക്രമീകരിക്കാമെന്ന് സർക്കാർ അഭിഭാഷകൻ വാദിച്ചെങ്കിലും അതുവരെ സീനീയർ ഐ.എ.എസ് ഓഫീസർ വീട്ടിൽ കഴിഞ്ഞ് ശമ്പളം പറ്റണം, എന്നാണോ എന്ന് ട്രിബ്യൂണൽ ആരാഞ്ഞു. കേഡർ തസ്തികയിലുള്ള ഓഫീസർക്ക് ജോലിയെടുക്കാതെ ശമ്പളം നൽകാനാവില്ല എന്നു ഹർജിക്കാർ വാദിച്ചു.

തുടർന്ന് ഡോ.ബി.അശോകിന്റെ ഇടക്കാല അപേക്ഷ അനുവദിച്ച് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലുള്ള നിയമനം സ്റ്റേ ചെയ്ത് വിശദ മറുപടി സമർപ്പിക്കാൻ സർക്കാരിനു ഒരാഴ്ച സമയം നൽകി. വ്യാഴാഴ്ച വീണ്ടും കേസ് പരിഗണിക്കും.

സെക്രട്ടറിയേറ്റില്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ അഡീഷണൽ ചീഫ് സെക്രട്ടറി എ ജയതിലകും കൃഷി വകുപ്പ് സ്പെഷല്‍ സെക്രട്ടറി എന്‍. പ്രശാന്ത് ഐഎഎസുമായുണ്ടായ ഭിന്നതകളില്‍ കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഡോ. ബി. അശോക്, പ്രശാന്തിനെ അനുകൂലിച്ചതിനാലാണ് തിടുക്കത്തില്‍ സെക്രട്ടറിയേറ്റിനു പുറത്തുള്ള തസ്തികയില്‍ നിയമിച്ചതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിനെതിരേയാണ് ഡോ. അശോക് ട്രിബ്യൂണലിനെ സമീപിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*