
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയാ ഉപകരണം കാണാനില്ലെന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സഹപ്രവര്‍ത്തകര്‍ തനിക്കൊപ്പം നില്‍ക്കാത്തതില്‍ വിഷമമുണ്ടെന്ന് ഡോ. ഹാരിസ് ഹസന്‍. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുള്ളവരുടെ വാര്‍ത്താ സമ്മേളനം ഞെട്ടിച്ചുവെന്നും അതേസമയം ആശുപത്രിയില്‍ തന്നെയുണ്ടായിരുന്ന തന്നോട് ഇതേപ്പറ്റി ഒന്ന് ചോദിക്കുകയെങ്കിലും ചെയ്യാമായിരുന്നുവെന്ന് ഡോ. ഹാരിസ് പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് തന്നോട് ആരായാതെ പെട്ടെന്ന് വാര്‍ത്താ സമ്മേളനം വിളിച്ചത് തനിക്കും കുടുംബാംഗങ്ങള്‍ക്കും ഞെട്ടലും വേദനയുമുണ്ടാക്കി. ഇതിലൊരു നീതികേട് തോന്നിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെള്ളിനാണയങ്ങള്‍ക്കായി സഹപ്രവര്‍ത്തകനെ മരണത്തിലേക്ക് എത്തിക്കാന്‍ വരെ ശ്രമിച്ചവരുണ്ട് എന്ന് ചൂണ്ടിക്കാട്ടി കെജിഎംസിടിഎയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഡോ. ഹാരിസ് സന്ദേശമയച്ചത് ചര്‍ച്ചയായ പശ്ചാത്തലത്തിലാണ് ഡോ. ഹാരിസ് മാധ്യമങ്ങളെ കണ്ടത്. ഒരു കീഴുദ്യോഗസ്ഥനെന്ന നിലയില്‍ തന്നെ ചോദ്യം ചെയ്യാന്‍ അധികാരമുള്ളവര്‍ അങ്ങനെ ചെയ്യാതെ നേരിട്ട് ലോകത്തോട് സംസാരിച്ചതിലാണ് വേദനയെന്ന് ഡോ. ഹാരിസ് പറഞ്ഞു. അവിടെ എല്ലാവര്‍ക്കും തന്നെ അറിയുന്നതാണ്. തന്നെപ്പോലെ സിസ്റ്റം നല്ല രീതിയില്‍ പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹിക്കേണ്ടവരും
തന്റെ ഭാഗത്ത് തെറ്റുണ്ടെങ്കില്‍ മേലുദ്യോഗസ്ഥര്‍ക്ക് തനിക്ക് മേല്‍ നടപടി സ്വീകരിക്കാമെന്ന് ഡോ. ഹാരിസ് പറയുന്നു. ആരോഗ്യവകുപ്പ് എന്തെങ്കിലും തരത്തില്‍ പ്രതികാര മനോഭാവം പ്രകടിപ്പിക്കുന്നു എന്ന് തനിക്ക് തോന്നുന്നില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. മെഡിക്കല്‍ കോളജിന്റേയും തന്റെ വകുപ്പിന്റേയും പ്രവര്‍ത്തനങ്ങള്‍ നന്നായി നടന്നുപോകാന്‍ നിര്‍ദേശങ്ങള്‍ തേടുക മാത്രമാണ് ചെയ്തതെന്നും തന്നെ കുരുക്കാന്‍ നോക്കുന്നു എന്ന പ്രയോഗം ഉപയോഗിക്കാന്‍ താത്പര്യപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Be the first to comment