
തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ആരോപണത്തിന് മറുപടിയുമായി ഡോക്ടര് ഹാരിസ്. ഡോക്ടർ ഹാരിസ് മെഡിക്കൽ ഓഫീസർമാരുടെ ഗ്രൂപ്പിലേക്കിട്ട വിശദീകരണ കുറിപ്പിലാണ് ഇക്കാര്യമുള്ളത്. പത്തും പതിനഞ്ചും വർഷങ്ങൾ പഴക്കമുള്ള രണ്ടോ മൂന്നോ നെഫ്രോസ്കോപ്പുകൾ കണ്ടം ചെയ്യുന്നിന് മുന്നോടിയായി എന്തെങ്കിലും തരത്തിൽ റിപ്പയർ ചെയ്ത് തരുമോ എന്ന് അറിയാൻ വേണ്ടി എറണാകുളത്ത് കമ്പനിയിലേക്ക് അയച്ചിരുന്നു.
ഉപകരണം റിപ്പയർ ചെയ്യാൻ 2 ലക്ഷം രൂപയാണ് എറണാകുളത്തെ കമ്പനി ആവശ്യപ്പെട്ടത്. അത്രയും തുകയില്ലാത്തതിനാൽ തിരിച്ചയക്കാൻ പറഞ്ഞെന്നും ഡോക്ടർ ഹാരിസ് വ്യക്തമാക്കി. കേടാകുന്ന ഉപകരണങ്ങൾ ഇടയ്ക്കിടെ റിപ്പയർ ചെയ്യാൻ കൊടുത്തു വിടാറുണ്ട്. ആ പാക്കിംഗ് കവർ ആണ് എച്ച്ഒഡിയുടെ വിലാസത്തിൽ അവിടെ കണ്ടതെന്നും ഡോക്ടര്‍ ഹാരിസ് വ്യക്തമാക്കി.
ഡോക്ടർ ഹാരിസ് മെഡിക്കൽ ഓഫീസർമാരുടെ ഗ്രൂപ്പിലേക്കിട്ട വിശദീകരണ കുറിപ്പ്
‘ഞാൻ അവധിയിലാണ്. പ്രിൻസിപ്പലിന്റെ പത്രസമ്മേളനം കേട്ടു. എന്റെ റൂമിൽ എന്തോ പെട്ടി ഇരുന്നത് അദ്ദേഹം കണ്ടു എന്ന് പറയുന്നുണ്ട്. അത് നെഫ്രോസ്കോപ് എന്ന ഉപകരണത്തിന്റേതാണ്. പതിനഞ്ചോ പതിനാറോ വർഷങ്ങൾ പഴക്കമുള്ള മൂന്ന് നെഫ്രോസ്കോപ്പുകൾ റിപ്പയർ ചെയ്യാൻ അയച്ചിരുന്നു. നിലവിൽ ഡിപ്പാർട്മെന്റിൽ പ്രവർത്തിക്കുന്ന നെഫ്രോസ്കോപ് ഇല്ല. നെഫ്രോസ്കോപ്പി എന്ന ഓപ്പറേഷൻ ചെയ്യാൻ സാധിക്കുന്നില്ല. പുതിയതിന് റിക്വസ്റ്റ് കൊടുത്തിട്ട് കിട്ടാൻ താമസം വരുന്ന സാഹചര്യത്തിൽ പഴയ സ്കോപ്പുകൾ എങ്ങനെയെങ്കിലും റിപ്പയർ ചെയ്യാൻ കഴിയുമോ എന്ന് അറിയാൻ വേണ്ടി എറണാകുളത്തെ കമ്പനിയിൽ അയച്ചു. അവർ അത് പരിശോധിച്ചു. ഒരു സ്കോപ്പ് നന്നാക്കാൻ ഏകദേശം രണ്ട് ലക്ഷം രൂപ ആകുമെന്ന് അവർ അറിയിച്ചു. അത്രയും തുക ഞങ്ങളുടെ ഡിപ്പാർട്മെന്റിന് നൽകാനുള്ള ശേഷി ഇല്ലാത്തതിനാൽ റിപ്പയർ ചെയ്യേണ്ട, അത് തിരിച്ച് അയച്ചു തരൂ എന്ന് പറഞ്ഞു. അത് കൊറിയറിൽ അയച്ചു തന്നതാണ്. നെഫ്രോസ്കോപ്പ്, മോഴ്സിലോസ്കോപ് ഇത് രണ്ടും രണ്ടാണ്. എന്റെ റൂം ഓഫീസ് റൂം ആയതിനാൽ ജൂനിയർ ഡോക്ടർമാർക്ക് അതിന്റെ താക്കോൽ കൊടുത്തിട്ടുണ്ട്. എന്റെ റൂമിൽ സൂക്ഷിച്ചിരിക്കുന്ന റിസർവ് ഉപകരണങ്ങൾ ആവശ്യമെങ്കിൽ ഓപ്പറേഷൻ തിയേറ്ററിലേക്ക് കൊണ്ടു പോകാനും ഉപയോഗം കഴിഞ്ഞ് തിരിച്ചു കൊണ്ടുവെയ്ക്കാനും കൂടാതെ ഡിസ്ചാർജ് സമ്മറി, റിക്വസ്റ്റുകൾ തുടങ്ങിയവ പ്രിന്റ് ചെയ്യാനുള്ള പേപ്പർ എടുക്കാനും പിജി ക്ലാസ് എടുക്കാൻ ആവശ്യമുള്ള മെറ്റീരിയലുകൾ റൂമിൽ നിന്ന് എടുക്കാനും…. അങ്ങനെ നിരവധി ആവശ്യങ്ങൾക്ക് പിജി ജൂനിയർ ഡോക്ടർമാർ എന്റെ റൂമിൽ രാത്രിയും പകലും ഒക്കെ കയറും. അതിനായി അവർക്ക് താക്കോലും നൽകിയിട്ടുണ്ട്. ഡിപ്പാർട്മെന്റിൽ ഉള്ളവർക്ക് മാത്രമേ അവിടെ കയറാനും അനുവാദമുള്ളൂ. അത് ആരും രഹസ്യമായി കയറുന്നതല്ല’.
Be the first to comment