
കേരളാ സർവകലാശാലയിൽ രജിസ്ട്രാറുടെ സസ്പെൻഷൻ സിൻഡിക്കേറ്റ് റദ്ദാക്കിയത് നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി വി സി ഡോ സിസ തോമസ് ഗവർണർക്ക് റിപ്പോർട്ട് നൽകി. രജിസ്ട്രാറായി മിനി കാപ്പനെ നിയോഗിച്ചതായും സിസ തോമസ് ചാൻസിലറായ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ അറിയിച്ചു.
ഇന്നലെ നടന്ന സിൻഡിക്കേറ്റ് യോഗത്തിന്റെ തീരുമാനത്തിനെതിരെയാണ് സിസ തോമസ് ഗവർണർക്ക് റിപ്പോർട്ട് നൽകിയിരിക്കുന്നത്. ഗവർണറുടെ ആവശ്യപ്രകാരമായിരുന്നു റിപ്പോർട്ട് നൽകൽ. കഴിഞ്ഞ ദിവസം നടന്നത് പൂർണ്ണതോതിലുള്ള സിൻഡിക്കേറ്റ് യോഗമല്ല. അതിൽ രജിസ്ട്രാറുടെ സസ്പെൻഷൻ നടപടി പിൻവലിച്ചത് നിയമവിരുദ്ധമായിട്ടാണ്. പി ഹരികുമാറിന്റെ പകരം മിനി കാപ്പന് രജിസ്ട്രാറുടെ ചുമതല നൽകി. ഇതാണ് നിലനിൽക്കുന്ന തീരുമാനമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇനി ഈ തീരുമാനത്തിൽ സർവകലാശാലയുടെ ചാൻസലർ കൂടിയായ ഗവർണർ എന്ത് നിലപാടാണ് സ്വീകരിക്കുക എന്നതാണ് നിർണായകം.
അതേസമയം, കേരള സര്‍വകലാശാല രജിസ്ട്രാറായി ഡോ. കെ എസ് അനില്‍കുമാറിന് തുടരാം. സസ്പെന്‍ഷനെതിരെ അനില്‍ കുമാര്‍ നല്കിയ ഹര്‍ജി തീര്‍പ്പാക്കിയായിരുന്നു ഹെെക്കോടതിയുടെ നടപടി. ഹർജി പിൻവലിക്കാനുള്ള ഡോ. കെ എസ് അനിൽകുമാറിന്റെ ആവശ്യം ഹെെക്കോടതി അംഗീകരിച്ചു. സസ്പെന്ഷന് റദ്ദാക്കിയതിൽ എതിര്‍പ്പുണ്ടെങ്കില്‍ വി സിക്ക് ഉചിതമായ അതോറിറ്റിയെ സമീപിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് ദിനേശ് കുമാർ സിംഗ് അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റേതാണ് നടപടി.
കോടതിയെ വിമർശിച്ചുള്ള കേരള സര്‍വകലാശാല സിൻഡിക്കേറ്റ് അംഗം ആർ.രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെയും ഹൈക്കോടതി വിമർശനം ഉന്നയിച്ചു. രാജേഷിനെതിരെ സ്വമേധയാ നടപടിയെടുക്കുമെന്നും ഇന്ന് തന്നെ നോട്ടീസ് അയക്കുമെന്നും ഹൈക്കോടതി പറഞ്ഞു. കോടതിയുടെ അന്തസ് ഇടിച്ചുതാഴ്ത്താനാണ് സിന്‍ഡിക്കറ്റ് അംഗം ശ്രമിച്ചതെന്ന് ഹൈക്കോടതി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കുന്നോവെന്നും കോടതി ചോദിച്ചു.
Be the first to comment