തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറായിഡോ. സിസ തോമസ് ചുമതലയേറ്റു. താല്‍ക്കാലിക വിസി ഡോ. കെ ശിവപ്രസാദില്‍ നിന്നാണ് ചുമതല ഏറ്റെടുത്തത്. ഇപ്പോള്‍ കിട്ടിയ സ്വീകരണത്തില്‍ സന്തോഷം. പഴയതൊന്നും ഓര്‍ക്കേണ്ടതില്ല. സര്‍ക്കാരുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന് സിസ തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
ഇപ്പോള്‍ സ്വീകരണം ലഭിച്ച് ചുമതലയേല്‍ക്കാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷം തോന്നുന്നു. കഴിഞ്ഞതെല്ലാം കഴിഞ്ഞു. പഴയ കാര്യം ഇനി ചികഞ്ഞെടുക്കേണ്ട കാര്യമുണ്ടോ ?. എന്തെങ്കിലും അപാകതകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ മുന്നോട്ടുള്ള പോക്കില്‍ അത് തിരുത്തി പോകാനുള്ള ശ്രമം നടത്തും. ഇത് എല്ലാവരുടേയും കൂടിയുള്ള സ്ഥാപനമാണ്. എന്തിനാണ് ഇതിനെ വ്യക്തിപരമായി കാണുന്നതെന്ന് ഡോ. സിസ തോമസ് ചോദിച്ചു.
ഇവിടെ സിസ തോമസ് എന്ന വ്യക്തി ഒന്നുമല്ല. അങ്ങനെയല്ല കാണേണ്ടത്. ഇത് സ്ഥാപനം എന്ന നിലയില്‍ മനുഷ്യര്‍ക്കെല്ലാമുള്ള ഒന്നായി കണ്ടു മുന്നോട്ടു പോകാം. സര്‍ക്കാരില്‍ നിന്നും പ്രശ്‌നങ്ങള്‍ വരാന്‍ സാധ്യതയില്ല. തനിക്കെതിരെ മിനിറ്റ്‌സ് മോഷ്ടിച്ചു എന്ന് വരെ ആരോപണം വന്നു. മിനിറ്റ്‌സ് ഒന്നും താന്‍ എടുത്തോണ്ട് പോയിട്ടില്ല. അത്തരം പ്രസ്താവനകളില്‍ വിഷമം തോന്നുന്നു. എന്തിനാണ് മോഷ്ടാവായി ചിത്രീകരിക്കുന്നത് എന്നും ഡോ. സിസ തോമസ് ചോദിച്ചു.
കെടിയു, ഡിജിറ്റൽ സർവകലാശാല വിസി നിയമനത്തിൽ കഴിഞ്ഞ ദിവസമാണ് ഗവർണറും സർക്കാരും സമവായത്തില്‍ എത്തിയത്. ഉത്തരവ് പുറത്തിറങ്ങി 12 മണിക്കൂറിനകം ഡോ. സിസ തോമസ് ചുമതലയേറ്റെടുത്തു. ഡിജിറ്റൽ സർവകലാശാല വിസിയായി ഡോ. സജി ഗോപിനാഥനെ നിയമിക്കാനും തീരുമാനം ആയിട്ടുണ്ട്. അദ്ദേഹം രണ്ടു ദിവസത്തിനകം ചുമതലയേറ്റെടുക്കുമെന്നാണ് റിപ്പോർട്ട്. നാലു വർഷത്തേക്കാണ് ഇരുവരുടേയും നിയമനം. വിസി നിയമന കാര്യം സുപ്രീം കോടതിയെ ധരിപ്പിക്കും. വ്യാഴാഴ്ചയാണ് കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുന്നത്.



Be the first to comment