എസ്ഐആര്‍ കരട് പട്ടിക പ്രസിദ്ധീകരിച്ചു; ഒഴിവാക്കിയത് 24, 08,503 പേരെ, പരാതികള്‍ ജനുവരി 22 വരെ നല്‍കാം

കേരളത്തിലെ എസ്ഐആര്‍ കരട് പട്ടിക പ്രസിദ്ധീകരിച്ചു. വോട്ടര്‍ പട്ടികയിൽ നിന്ന് 24, 08,503 പേരെയാണ് ഒഴിവാക്കിയത്. 2,54,42,352 പേരാണ് ഫോം പൂരിപ്പിച്ച് നൽകിയത്. 1,23,83,341 പുരുഷൻമാരും 1,30,58,731 സ്ത്രീകളും പട്ടികയിലുണ്ട്. 280 ട്രാൻസ്ജെൻഡർമാരും കരട് പട്ടികയിലുണ്ട്. voters.eci.gov.in എന്ന വെബ്സൈറ്റിൽ പട്ടിക പരിശോധിക്കാം.

ഇന്ന് മുതൽ ജനുവരി 22 വരെ പരാതികൾ നൽകാം. അന്തിമ വോട്ടർ പട്ടിക ഫെബ്രുവരി 21ന് പ്രസിദ്ധീകരിക്കും. ആയിരത്തോളം ഉദ്യോഗസ്ഥരെ പരാതി പരിഗണിക്കാൻ നിയോഗിച്ചിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒഴിവാക്കിയവരിൽ പേര് ചേർക്കേണ്ടവർ ഫോം പൂരിപ്പിച്ച് നൽകണമെന്നും അദ്ദേഹം അറിയിച്ചു.

സ്ഥലംമാറിയതോ,മരിച്ചു പോയതോ, ഇരട്ടിപ്പ് ഉള്ളതോ ആയ വോട്ടര്‍ മാരുടെ പട്ടികയും വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കേരളത്തിന് ഒപ്പം മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ആന്‍ഡമാന്‍ & നിക്കോബാര്‍ എന്നിവിടങ്ങളിലെ പട്ടികയും പ്രസിദ്ധീകരിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*