ഉച്ച ഊണിന് ശേഷം അൽപം സംഭാരം.., തലമുറ പലതു വന്നിട്ടും ഇന്ത്യൻ ഭക്ഷണക്രമത്തിൽ മങ്ങാതെ നിൽക്കുന്ന ഒന്നാണ് സംഭാരം. പലരും ഇത് ഒരു ശീലത്തിൻ്റെ ഭാഗമായി കുടിക്കുന്നതാണ്. എന്നാൽ സംഭാരം നമ്മുടെ ആരോഗ്യത്തെ പല രീതിയിൽ സഹായിക്കുന്നുണ്ട്.
വളരെ ചെലവു കുറഞ്ഞതും എളുപ്പത്തിൽ തയ്യാറാക്കാവുന്നതുമായ ഒരു പ്രകൃതിദത്ത പാനീയമാണ് സംഭാരം. ഒന്നോ രണ്ടോ ടേബിൾസ്പൂൺ തൈരിലേക്ക് തണുത്ത വെള്ളം കുറച്ചധികം നീട്ടി ഒഴിച്ചെടുക്കാം. അതിലേക്ക് ചതച്ച ജീരകം, ഇഞ്ചി, പച്ചമുളക്, കറിവേപ്പില അല്ലെങ്കിൽ മല്ലിയിലയും ഉപ്പും കൂടി ചേർത്താൽ സംഭാരം റെഡി. ഇത് ദഹനം മുതൽ മാനസികാരോഗ്യം വരെ മെച്ചപ്പെടുത്തും.
ദഹനം മെച്ചപ്പെടുത്തുന്നു
നൂറായിരം നല്ല ബാക്ടീരിയകളുടെ കലവറയാണ് സംഭാരം. ഇതില്‍ ലാക്ടിക് ആസിഡും അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തിന് ബെസ്റ്റാണ്. കുടലിലെ നല്ല ബാക്ടീരിയയെ സന്തുലിതമായി നിലനിര്‍ത്തുന്നതിന് പ്രോബയോട്ടിക് ഒരു വലിയ പങ്ക് വഹിക്കുന്നു. ഇത് കുടലിലെത്തുന്ന ഭക്ഷണത്തെ വിഘടിപ്പിക്കാനും പോഷകങ്ങളെ ആഗിരണം ചെയ്യാനും സഹായിക്കുന്നു.
ഉച്ചഭക്ഷണത്തിന് ശേഷം സംഭാരം കുടിക്കുന്നത് വയറിനെ ശാന്തമാക്കാനും സഹായിക്കും. ബ്ലോട്ടിങ്, ഗ്യാസ്, അസിഡിറ്റി പോലുള്ള പ്രശ്‌നങ്ങള്‍ കുറയാനും സഹായിക്കുന്നു. മാത്രമല്ല, കുടലിലെ നല്ല ബാക്ടീരിയെ പ്രോത്സാഹിപ്പിക്കുന്നത് തലച്ചോറിൻ്റെ പ്രവർത്തനത്തെയും സഹായിക്കുന്നു.
തണുപ്പിച്ചു നിര്‍ത്താന്‍
ചൂടു കൂടിവരുന്ന ഈ കാലാവസ്ഥയില്‍ ശരീരത്തെ ഒന്നു തണുപ്പിച്ചു നിര്‍ത്താന്‍ സംഭാരം മികച്ചതാണ്. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും റീഫ്രഷ് ആകും സംഭാരം നല്ലതാണ്.
കൊഴുപ്പ് കുറവ്
കണ്ടാൽ കൊഴുപ്പ് ഒരുപാടാണെന്ന് തോന്നുമെങ്കിലും സംഭാരത്തില്‍ കൊഴുപ്പും കലോറിയും വളരെ കുറവാണ്. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സംഭാരം ധൈര്യമായി കുടിക്കാം. സംഭാരത്തില്‍ ധാരാളം അടങ്ങിയ കാല്‍സ്യം, പൊട്ടാസ്യം, വിറ്റാമിന്‍ ബി12 എല്ലുകളുടെ ആരോഗ്യത്തിനും തലച്ചോറിന്റെ ആരോഗ്യത്തിനും ഊര്‍ജ്ജം നിലനിര്‍ത്താനും രക്തസമ്മര്‍ദം നിയന്ത്രിക്കാനും സഹായിക്കുന്നു.
ഹൃദയാരോഗ്യം
തൈര് പുളിപ്പിക്കുന്നതായതു കൊണ്ട് തന്നെ അവയില്‍ ബോയോആക്ടീവ് പെപ്പ്‌ടൈഡ്‌സ് അടങ്ങിയിട്ടുണ്ട്. ഇത്ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്ന് സമീപകാല പഠനങ്ങള്‍ പറയുന്നു. കൂടാതെ സംഭാരത്തില്‍ ഉയര്‍ന്ന അളവില്‍ പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ രക്തസമ്മര്‍ദം നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കുന്നതാണ്. ഉയര്‍ന്ന രക്തസമ്മര്‍ദം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉള്ളവര്‍ക്ക് ഡയറ്റില്‍ ചേര്‍ക്കാവുന്ന ഒന്നാണ് സംഭാരം.



Be the first to comment