ഓരോ തവണ മദ്യപിക്കുമ്പോഴും ഓര്‍ക്കുക; നിങ്ങള്‍ മറവിയിലേക്ക് നടന്നടുക്കുകയാണ്

മദ്യപിക്കുമ്പോള്‍ ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങള്‍ പലതാണ്. മദ്യം ഹൃദയത്തിനും കരളിനുമെല്ലാം കേടുപാടുണ്ടാക്കും എന്നത് തെളിയിക്കപ്പെട്ടിട്ടുള്ള കാര്യമാണ്. എന്നാല്‍ അതുപോലെതന്നെ അടുത്തിടെ നടന്ന ഒരു ഗവേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത് മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ്. മദ്യം ചെറിയ അളവില്‍ പോലും കഴിക്കുന്നത് ഡിമെന്‍ഷ്യ സാധ്യത വര്‍ധിപ്പിക്കുമെന്നാണ് പുതിയ കണ്ടെത്തല്‍. ഇതേക്കുറിച്ച് യുഎസില്‍ നിന്നുളള ഫിസിഷ്യനായ ഡോ. കുനാല്‍ സൂദ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച വിവരങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. ഡോ. കുനാലിന്റെ വാക്കുകള്‍ ഇങ്ങനെയാണ്.

‘അല്‍പ്പം മദ്യം കഴിക്കുന്നത് ക്ഷീണം കുറയ്ക്കാനോ റിലാക്‌സ് ചെയ്യാനോ നന്നായിരിക്കുമെന്ന് ആളുകള്‍ കരുതുന്നു. എന്നാല്‍ പുതിയതായി നടന്ന ഒരു ഗവേഷണം ഈ ആശയവുമായി പൊരുത്തപ്പെടുന്നില്ല ‘ ഡോ. കുനാല്‍ പറഞ്ഞു.

‘അര ദശലക്ഷത്തിലധികം മുതിര്‍ന്നവരില്‍ 2025 ല്‍ നടത്തിയ ഒരു പഠനത്തില്‍ മദ്യം കഴിക്കുന്നത് ഡിമെന്‍ഷ്യ സാധ്യത വര്‍ധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അമിതമായി മദ്യപിക്കുന്നവര്‍ക്ക് 40 ശതമാനത്തിലധികമാണ് അപകട സാധ്യത ഉള്ളത്. മദ്യപാനത്തിന് അഡിക്ടായവര്‍ക്ക് ഇത് 50 ശതമാനവും കൂടുതലാണ്. മദ്യം എത്ര കുറച്ച് കുടിക്കുന്നുവോ അത്രയും ഡിമെന്‍ഷ്യ സാധ്യത കുറയും’ ഡോ . കുനാന്‍ വ്യകതമാക്കി.

മദ്യവും ഡിമെന്‍ഷ്യയും

ബിഎംജെ എവിഡന്‍സ് ബേസ്ഡ് മെഡിസിനിലാണ് 2025ല്‍ നടത്തിയ ഗവേഷണം പ്രസിദ്ധീകരിച്ചത്. മദ്യപാനത്തിന്റെ നേരിയ വര്‍ധനവ് പോലും ഡിമെന്‍ഷ്യ സാധ്യത 15 ശതമാനം വര്‍ധിപ്പിക്കുന്നുവെന്ന് ഗവേഷണം പറയുന്നു. മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലതാണെന്നുള്ള അനുമാനങ്ങളെ വെല്ലുവിളിക്കുന്നതാണ് പുതിയ ഗവേഷണ പഠനം. മദ്യം കാലക്രമേണ ന്യൂറോണുകളുടെ ആരോഗ്യത്തെ ബാധിക്കുന്നുവെന്നും ആ കോശങ്ങള്‍ക്ക് സ്വയം നന്നാവാന്‍ കഴിയില്ലെന്നും കണ്ടെത്തല്‍ വെളിപ്പെടുത്തുന്നു. മദ്യപാനം കുറയ്ക്കുന്നത് ഡിമെന്‍ഷ്യ സാധ്യത 16 ശതമാനംവരെ കുറയ്ക്കുമെന്ന് ഗവേഷണത്തിന്റെ രചയിതാക്കള്‍ പറയുന്നുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*