പുറത്ത് പോകുമ്പോഴും പല പരിപാടികളില്‍ പങ്കെടുക്കുമ്പോഴും ചായ നമുക്ക് പേപ്പര്‍ കപ്പില്‍ ലഭിക്കാറുണ്ടല്ലേ. റീ യൂസബിള്‍ അല്ലാത്ത ഈ ചായ കപ്പുകള്‍ ശുചിത്വത്തിന് ശ്രദ്ധ നല്‍കുന്നവര്‍ മികച്ച ഒരു ഓപ്ഷനായി കാണുന്നു. എന്നാല്‍ ഈ പേപ്പര്‍ കപ്പുകള്‍ക്ക് പിന്നില്‍ വലിയ അപകടങ്ങള്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഐഐടി ഘരഗ്പൂരില്‍ നടത്തിയ പുതിയ പഠനത്തിലാണ് കണ്ടെത്തല്‍.
പേപ്പര്‍ കപ്പെന്ന് കേള്‍ക്കുമ്പോള്‍ അവ മുഴുവനായി പേപ്പര്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് കരുതണ്ടേ. ഇത്തരത്തിലുള്ള പേപ്പര്‍ കപ്പുകളുടെ ഉള്‍ഭാഗത്ത് മൈക്രോപ്ലാസ്റ്റിക്കുകളുടെ ഒരു ലെയര്‍ കാണാന്‍ സാധിക്കും. ഇത് പാനീയങ്ങള്‍ പുറത്തേക്ക് ലീക്ക് ആകാതെ ഇരിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ്. എന്നാല്‍ ഐഐടി ഘരഗ്പൂരിലെ പഠനമനുസരിച്ച് ചായ പോലെയുള്ള ചൂടുള്ള പാനീയങ്ങള്‍ 15 മിനിറ്റില്‍ കൂടുതല്‍ ഈ കപ്പുകളില്‍ സൂക്ഷിച്ചാല്‍ 25,000 ലധികം മൈക്രോപ്ലാസ്റ്റിക്കുകള്‍ ഇതിലേക്ക് ഒഴുകിയിറങ്ങും. ഇതില്‍ പല്ലേഡിയം, ക്രോമിയം, കാഡ്മിയം തുടങ്ങിയ വിഷാംശമടങ്ങിയ ലോഹങ്ങള്‍ ഉള്‍പ്പെടുന്നു. ഇവ കാന്‍സര്‍ ഉള്‍പ്പടെയുള്ള ഗുരുതരമായ അസുഖങ്ങളിലേക്ക് നിങ്ങളെ തള്ളി വിട്ടേക്കാമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
പേപ്പര്‍ കപ്പുകളുടെ കാര്യത്തില്‍ പരിഭ്രാന്തി ആവശ്യമില്ലായെന്നും അതേ സമയം, ജാഗ്രത പാലിക്കണമെന്നും പ്രമുഖ ഓങ്കോളജിസ്റ്റായ ഡോ. സുനീത് ലോക്വാനി അറിയിച്ചു. കാന്‍സറിന് കാരണമാവുന്ന വസ്തുകളുമായി നിങ്ങള്‍ തുടര്‍ച്ചയായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടാല്‍ അപകട സാധ്യതകള്‍ ഉണ്ടായേക്കാമെന്ന് അദ്ദേഹം പറയുന്നു. അതേ സമയം, പേപ്പര്‍ കപ്പുകളിലെ വസ്തുക്കളില്‍ നിന്ന് മാത്രം കാന്‍സര്‍ വന്ന കേസുകള്‍ കുറവാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ജാഗ്രത പാലിച്ച് പേപ്പര്‍ കപ്പുകള്‍ക്ക് പകരം കളിമണ്ണോ, സ്റ്റീലോ ഗ്ലാസുകളില്‍ ചൂടുള്ള പാനീയങ്ങള്‍ കുടിക്കാന്‍ ശ്രമിക്കുക. ഇതിന് പുറമേ ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതും കാന്‍സറിനെ അകറ്റി നിര്‍ത്തിയേക്കാം.



Be the first to comment