ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഭാഗ്യലക്ഷ്മി ഫെഫ്കയില്‍ നിന്ന് രാജിവച്ചു

ചലച്ചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്മി ഫെഫ്കയില്‍ നിന്ന് രാജിവച്ചു. നടന്‍ ദിലിപീനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധിച്ചാണ് രാജി. ഇനി ഒരു സംഘടനയുടേയും ഭാഗമാകാനില്ലെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുന്ന ഒരു സംഘടനയുടെ ഭാഗമാകില്ലെന്ന് ഭാഗ്യലക്ഷ്മി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയില്‍ വ്യക്തമാക്കി. 

വേട്ടക്കാരനും അയാളെ പിന്തുണയ്ക്കുന്നവരുമുള്ള സംഘടനയില്‍ കുറ്റബോധമില്ലാതെ ഇരിക്കാനാകില്ലെന്നും അതിനാലാണ് രാജിയെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. നീതിയ്ക്കും അനീതിയ്ക്കുമൊപ്പം ഒരുമിച്ച് ആര്‍ക്കും നില്‍ക്കാനാകില്ല. അതിജീവിതയ്ക്കും വേട്ടക്കാരനും ഒപ്പമെന്നാണ് ഇപ്പോഴും സിനിമാ സംഘടനകള്‍ പറയുന്നത്. വിചാരണക്കോടതിയ്ക്ക് മുകളിലും കോടതികള്‍ ഉണ്ടെന്നിരിക്കെ അയാളുടെ പണമാണ് അയാള സംരക്ഷിച്ചതെന്ന് ചോറുണ്ണുന്ന എല്ലാവര്‍ക്കും വ്യക്തമായിക്കെ അയാളെ നാലുകൈയ്യും നീട്ടി സ്വീകരിക്കാനുള്ള ആവേശം കാണുമ്പോള്‍ തനിക്ക് സങ്കടമല്ല പുച്ഛമാണ് തോന്നുന്നത് എന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.

താരസംഘടന അമ്മയുടെ നേതൃത്വത്തിനെതിരേയും ഭാഗ്യലക്ഷ്മി വിമര്‍ശനം ഉന്നയിച്ചു. അമ്മയുടെ തലപ്പത്ത് സ്ത്രീകള്‍ വന്നപ്പോള്‍ കുറച്ചുപേര്‍ക്കെങ്കിലും ശുഭപ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ അവരും വേട്ടക്കാരൊടൊപ്പമാണെന്ന് പ്രവൃത്തിയിലൂടെ തെളിയിച്ചു. അതില്‍ തനിക്ക് അത്ഭുതമൊന്നും തോന്നുന്നില്ലെന്നും അവര്‍ പറയുന്നത് സ്വന്തം വാക്കുകളല്ലെന്നും മറ്റാരുടേയോ വാക്കുകളാണെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ അപ്പീല്‍ പോകുന്നത് വേറെ പണിയില്ലാത്തതിനാലെന്ന് വിമര്‍ശിച്ച യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെതിരേയും ഭാഗ്യലക്ഷ്മി ആഞ്ഞടിച്ചു. അതിജീവിതയ്‌ക്കൊപ്പം പോകേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. ഇതും അവരുടെ പണിയാണ്. തന്റെ പാര്‍ട്ടി വേട്ടക്കാര്‍ക്കൊപ്പമെന്ന് വോട്ടെടുപ്പ് ദിവസം തന്നെ പ്രഖ്യാപിച്ച അടൂര്‍ പ്രകാശിനോട് നന്ദി പറയുന്നു. പി ടി തോമസിനെയെങ്കിലും അടൂര്‍ പ്രകാശ് ഓര്‍ക്കേണ്ടതായിരുന്നു. അതിജീവിതമാര്‍ എന്താണ് അനുഭവിക്കുന്നതെന്ന് മനസിലാക്കാന്‍ പെണ്‍മക്കളോട് അല്പ്പമെങ്കിലും സ്‌നേഹമുണ്ടാകണം. വേട്ടക്കാര്‍ രക്ഷപ്പെടുന്നുണ്ടെങ്കില്‍ അത് ഇത്തരം ആളുകളുടെ സ്വാധീനം കൊണ്ടാണെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു.

Be the first to comment

Leave a Reply

Your email address will not be published.


*