ലണ്ടൻ/ യു കെ: നമ്പർ പ്ലേറ്റ് നിയമങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തി ഡി വി എൽ എ. ഒക്ടോബര്‍ 7 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ പുതിയ അപ്‌ഡേറ്റുകൾ പ്രാബല്യത്തിൽ വന്നു. ഇതോടെ ആയിരക്കണക്കിന് പുതിയ റെജിസ്‌ട്രേഷന്‍ ലഭ്യമാകും. എ മുതല്‍ എച്ച് വരെയുള്ള അക്ഷരങ്ങള്‍ പ്രിഫിക്സ് ചെയ്തുള്ള രജിസ്‌ട്രേഷന്‍ ലഭ്യമാണ്. അതുപോലെ 27, 28, 29 എന്നീ നമ്പറുകളും.
പുതിയ പ്രിഫിക്സ് രജിസ്‌ട്രേഷന്‍ ഡി വി എല്‍ എയുടെ വെബ്‌സൈറ്റില്‍ നിന്നും നേരിട്ട് വാങ്ങാവുന്നതാണ്. 250 പൗണ്ട് മുതലായിരിക്കും വില ആരംഭിക്കുക. വാറ്റും, 80 പൗണ്ടിന്റെ അസൈൻമെന്റ് ഫീസും ഉള്‍പ്പടെയാണിത്. വാഹനപ്രേമികൾക്ക് വിൽപ്പന ആരംഭിക്കുന്നതിന് മുമ്പ് ഡി വി എൽ എയുടെ വെബ്‌സൈറ്റിൽ പുതിയ കോമ്പിനേഷനുകൾ പരിശോധിക്കാവുന്നതാണ്. ഏറ്റവുമധികം ആളുകള്‍ ഇഷ്ടപ്പെടുന്ന റെജിസ്‌ട്രേഷന്‍ ഫോർമാറ്റാണ് പ്രിഫിക്സ് പ്ലേറ്റുകള്‍. ഒരു അക്ഷരവും പിന്നീട് സംഖ്യകളും അതിനു ശേഷം മൂന്ന് അക്ഷരങ്ങളുമായിരിക്കും ഇത്തരം പ്ലേറ്റുകളില്‍ ഉണ്ടാവുക. ഉദാഹരണത്തിന് A27 SEA, C28 SEA, D29 SEA, F27 SEA and H28 SEA എന്നിങ്ങനെ.
ഇതില്‍ പ്രിഫിക്ശ് ആയി എ എന്ന അക്ഷരമുള്ള പ്ലേറ്റുകള്‍ക്ക് 599 പൗണ്ടും സി അല്ലെങ്കില്‍ എച്ച് എന്നീ അക്ഷരങ്ങള്‍ക്ക് 499 പൗണ്ടും ഡി പ്രിഫിക്സ് ആണെങ്കില്‍ 699 പൗണ്ടും വിലവരും. എഫ് ആണെങ്കില്‍ 399 പൗണ്ടും വില വരും. ബി പ്രീഫിക്സ് ആയി വരുന്ന പ്ലേറ്റുകള്‍ക്കാണ് ഏറ്റവും അധികം വില 799 പൗണ്ട്.
1983 നും 2001 നും ഇടയിൽ യുകെയിലുടനീളം പ്രിഫിക്സ് പ്ലേറ്റുകൾ ഉപയോഗത്തിലുണ്ടായിരുന്നു, 24 വർഷം മുമ്പ് നിലവിലുള്ള സിസ്റ്റത്തിനായി ഘട്ടംഘട്ടമായി ഇത് നിർത്തലാക്കി. പഴയ വാഹനങ്ങൾ, ക്ലാസിക് കാറുകൾ, അല്ലെങ്കിൽ പ്രിഫിക്സ് പ്ലേറ്റുകൾ ആദ്യം ഉപയോഗിച്ചിരുന്ന കാലഘട്ടത്തിൽ വാഹനങ്ങൾ ഉപയോഗിച്ചിരുന്ന ഉടമകൾക്കിടയിൽ ഇത് ജനപ്രിയമാകാൻ സാധ്യതയുണ്ട്.



Be the first to comment