ദ്വാരപാലക ശില്‍പപാളികള്‍ പുനസ്ഥാപിച്ചു; തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണ്ണം പൂശിയ പാളികള്‍ നട തുറന്ന ശേഷം പുനഃസ്ഥാപിച്ചു. ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശില്പങ്ങളിലാണ് പാളികള്‍ സ്ഥാപിച്ചത്. സ്‌ട്രോങ് റൂമിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ഇവ പുനസ്ഥാപിക്കാനായി എത്തിച്ചത്.

ചെന്നൈയില്‍ എത്തിച്ചു കേടുപാടുകള്‍ പരിഹരിച്ച ശേഷമാണ് സ്വര്‍ണം പൂശിയ പാളികള്‍ പുനഃസ്ഥാപിച്ചത്. നാളെ തുലാമാസ പുലരിയില്‍ ഉഷഃപൂജയ്ക്കു ശേഷം മേല്‍ശാന്തി നറുക്കെടുപ്പ് നടക്കും.ശബരിമല മേല്‍ശാന്തി പട്ടികയില്‍ 13 പേരും മാളികപ്പുറം മേല്‍ശാന്തി പട്ടികയില്‍ 14 പേരുമാണ് ഉള്‍പ്പെട്ടിട്ടുള്ളത്. നാളെ മുതല്‍ 22 വരെ ദിവസവും ഉദയാസ്തമനപൂജ, കളഭാഭിഷേകം, പടിപൂജ എന്നിവ ഉണ്ടാകും. ചിത്തിര ആട്ടത്തിരുനാള്‍ പ്രമാണിച്ച് 21ന് വിശേഷാല്‍ പൂജകള്‍ ഉണ്ടാകും. 22ന് രാത്രി 10ന് നട അടയ്ക്കും.

തുലാമാസ പൂജയുടെ അവസാന ദിവസമായ ഒക്ടോബര്‍ 22ന് രാഷ്ട്രപതി ദൗപദി മുര്‍മു ശബരിമലയില്‍ ദര്‍ശനം നടത്തും.രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ സന്ദര്‍ശനത്തിനു മുന്നോടിയായി ഉന്നത പോലീസ് സംഘം ശബരിമലയില്‍ സുരക്ഷാ പരിശോധന തുടങ്ങി. സന്നിധാനം, പമ്പ, സ്വാമി അയ്യപ്പന്‍ റോഡ്, നിലയ്ക്കല്‍ ഹെലിപാഡ് എന്നിവിടങ്ങളില്‍ കലക്ടര്‍ എസ്.പ്രേം കൃഷ്ണന്‍, ജില്ലാ പോലീസ് മേധാവി ആര്‍.ആനന്ദ്, ഇന്റലിജന്‍സ് എസ്പി, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിശോധന നടത്തി. വനമേഖലയിലും കുണ്ടാര്‍ ഡാമിന്റെ സമീപത്തും അധികൃതര്‍ പരിശോധന നടത്തി.

Be the first to comment

Leave a Reply

Your email address will not be published.


*