6 വര്‍ഷത്തിനിടെ വര്‍ധിച്ചത് 50 കോടിയുടെ സ്വത്ത്; പി വി അന്‍വര്‍ സംശയനിഴലില്‍, വീണ്ടും ചോദ്യം ചെയ്‌തേക്കും

മുന്‍ എംഎല്‍എയും തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കണ്‍വീനറുമായ പി വി അന്‍വറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മണിക്കൂറുകള്‍ ചോദ്യം ചെയ്തതിനു പിന്നില്‍ ഏതാനും വര്‍ഷങ്ങള്‍ക്കിടയിലെ വന്‍ വരുമാന വര്‍ധനവും. കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനില്‍ നിന്ന് എടുത്തിട്ടുള്ള വായ്പകളുടെ മറവില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് വരുമാന വര്‍ധനവും അന്വേഷണ പരിധിയിലായത്. 2015ല്‍ അന്‍വറിന്റെ സ്വത്ത് 14.3 കോടി രൂപയായിരുന്നെങ്കില്‍ 2021ല്‍ ഇത് 64.14 കോടി രൂപയായി വര്‍ധിച്ചു. അടുത്തിടെ അന്‍വറിന്റെ വീട്ടിലും സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡിനു ശേഷം ഇ ഡി പുറത്തുവിട്ട വിവരമാണ് ഇത്. അതിനിടെ, അന്‍വറിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കുമെന്നാണ് ഇ ഡി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

 

വെറും ആറു വര്‍ഷത്തിനിടയിലാണ് 50 കോടി രൂപയുടെ സ്വത്ത് അന്‍വറിന് വര്‍ധിച്ചതെന്ന് ഇ ഡി കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതിനു മതിയായ വിശദീകരണം നല്‍കാന്‍ അന്‍വറിന് കഴിഞ്ഞിരുന്നില്ല. ഇന്നലെ രാവിലെ ആരംഭിച്ച ചോദ്യം ചെയ്യലില്‍ ഇക്കാര്യവും കടന്നു വന്നതായാണ് അറിയുന്നത്. ഏതു വഴിക്കാണ് ഇത്രയധികം സ്വത്തുക്കള്‍ സമ്പാദിക്കാന്‍ കഴിഞ്ഞത് എന്നതാണ് ഇ ഡി അന്‍വറിനോട് ചോദിച്ചത്. ഇക്കാര്യത്തിലുള്ള അന്‍വറിന്റെ വിശദമായ മൊഴി ഇ ഡി രേഖപ്പെടുത്തുകയും ചെയ്തു. ഇത് പരിശോധിക്കുന്നതിന്റെ അടിസ്ഥാനത്തിലാവും അടുത്ത ചോദ്യം ചെയ്യല്‍.

 

കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്റെ മലപ്പുറം ശാഖയില്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ മതിയായ ഈടില്ലാതെയും ക്രമക്കേടു നടത്തിയും അന്‍വര്‍ വായ്പയെടുത്തെന്ന പരാതിയില്‍ നേരത്തെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്നാണ് ഇ ഡി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പ്രഖ്യാപിച്ചതും റെയ്ഡ് ഉള്‍പ്പെടെ നടത്തിയതും. ഒരേ വസ്തു തന്നെ ഈടുവച്ച് പല സ്ഥാപനങ്ങളുടെ പേരില്‍ വായ്പകളെടുക്കുക, വായ്പ തിരിച്ചടയ്ക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങള്‍ കെഎഫ്‌സിയുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഇ.ഡി കണ്ടെത്തിയിരുന്നു.

 

മാലംകുളം കണ്‍സ്ട്രക്ഷന്‍സ് എന്ന കമ്പനി 7.5 കോടി രൂപ വായ്പയെടുത്തത് ഈടുവച്ചാണ്. എന്നാല്‍ ഇതേ വസ്തു തന്നെ ഈടുവച്ച് പിന്നീട് 3.05 കോടി രൂപയും 1.56 കോടി രൂപയും പിവിആര്‍ ഡവലപ്പേഴ്‌സ് എന്ന കമ്പനിയും കെഎഫ്‌സിയില്‍ നിന്ന് വായ്പയെടുത്തെന്ന് ഇ ഡി പറയുന്നു. ഇത് 22.3 കോടി രൂപയുടെ കടബാധ്യതയായി മാറുകയായിരുന്നു. ധനകാര്യ സ്ഥാപനത്തെ മനപൂര്‍വം വഞ്ചിക്കാന്‍ ശ്രമിച്ചോ, ഈ പണം വെളുപ്പിച്ചെടുത്തോ തുടങ്ങിയ കാര്യങ്ങള്‍ ഇ ഡി അന്വേഷിക്കുന്നുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*