കോട്ടയം ജില്ലയിലെ 32 സർക്കാർ ആശുപത്രികളിൽ ഇ-ഹെൽത്ത് സംവിധാനം

കോട്ടയം: ജില്ലാ ജനറൽ ആശുപത്രി ഉൾപ്പെടെ ജില്ലയിലെ 32 സർക്കാർ ആശുപത്രികളിൽ ഇ- ഹെൽത്ത് സംവിധാനം ഏർപ്പെടുത്തി. ഈ ആശുപത്രികളിൽ ഒ.പി റജിസ്ട്രേഷൻ, പ്രീ ചെക്ക്, ഡോക്റ്ററുടെ കൺസൽറ്റേഷൻ, ലബോറട്ടറി പരിശോധന, ഫാർമസി തുടങ്ങിയ എല്ലാ ഘട്ടങ്ങളിലും ഡിജിറ്റൽ സേവനം ലഭ്യമാകും. 

നിലവിൽ കോട്ടയം ജനറൽ ആശുപത്രിയിലെ ഒപി കൗണ്ടറുകളിൽ ഇ-ഹെൽത്ത് പരീക്ഷണം വിജയകരമായി പൂർത്തീകരിച്ചു. താമസിയാതെ ഡോക്റ്റർമാരുടെ ഒപി കളിലും ലാബുകളിലും ഫാർമസിയിലും ഉൾപ്പെടെ നടപ്പാക്കും. ഇതോടെ പൂർണമായും കടലാസ് രഹിത സംവിധാനത്തിലേയ്ക്കും ഓൺലൈൻ ബുക്കിങ് സംവിധാനത്തിലേക്കും ജനറൽ ആശുപത്രി മാറും. ജനറൽ ആശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതി ആരംഭിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ ആസ്‌തി വികസന ഫണ്ടിൽ നിന്ന് 54.30 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇത് ചെലവഴിച്ച് നടപ്പിലാക്കിയ പദ്ധതികളുടെ പ്രവർത്തന ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു അധ്യക്ഷത വഹിച്ചു.

യുഎച്ച്ഐഡി റജിസ്റ്റർ ചെയ്യാൻ:

ഇ-ഹെൽത്ത് സൗകര്യത്തിനുള്ള യുണീക് ഹെൽത്ത് ഐഡി നമ്പറിനായി (യുഎച്ച്ഐഡി) റജിസ്‌റ്റർ ചെയ്യുന്നതിന് പ്രത്യേക കൗണ്ടർ പ്രവർത്തനം ആരംഭിച്ചു. ജനറൽ ആശുപത്രിയിലെ കാഷ് കൗണ്ടറിനു സമീപം രാവിലെ 9 മുതൽ വൈകിട്ട് 4 വരെ 2 കൗണ്ടറുകൾ പ്രവർത്തിക്കും. ആധാർ നമ്പറും, ഇതുമായി ലിങ്ക് ചെയ്‌ത ഫോണുമായി കൗണ്ടറിൽ എത്തിയാൽ യുഎച്ച്ഐഡി നമ്പർ ലഭിക്കും. പുതിയ സംവിധാനത്തിൽ ഓരോ വ്യക്തിയുടെയും ആരോഗ്യ വിവരങ്ങൾ ഒരു വ്യക്തിഗത നമ്പറിൻ്റെ അടിസ്‌ഥാനത്തിൽ ശേഖരിച്ച് സൂക്ഷിക്കും. 5 വയസിന് മുകളിലുള്ള എല്ലാവരും ഈ കാർഡ് എടുക്കണം. കാർഡ് ഒന്നിന് 10 രൂപ റജിസ്ട്രേഷൻ ഫീസ് ഈടാക്കും.

ഹെൽത്ത് ഐഡി ഉടൻ ലഭിക്കാൻ:

https://ehealth.kerala.gov.in/portal/uhid-reg ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ആധാർ നമ്പർ നൽകിയാൽ യുണീക് ഹെൽത്ത് ഐഡി നമ്പർ സൗജന്യമായി ലഭിക്കും. എന്നാൽ ഇ-ഹെൽത്ത് സംവിധാനം ലഭ്യമായ ആശുപത്രികളിൽ നേരിട്ടെത്തി 10 രൂപ റജിസ്ട്രേഷൻ ഫീസ് അടച്ചാൽ ബാർകോഡ് ഉൾപ്പെടെയുള്ള കാർഡ് പ്രിന്റ് ചെയ്ത് ലഭിക്കുന്നതാണ്.

Be the first to comment

Leave a Reply

Your email address will not be published.


*