
തിരുവനന്തപുരം: മലയാറ്റൂര്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പതിനെട്ടാമത് മലയാറ്റൂര്‍ പുരസ്‌കാരംഇ.സന്തോഷ് കുമാറിന്റെ’ ‘ തപോമയിയുടെ അച്ഛന്‍’ എന്ന നോവലിന്. 25,000 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. പുതു തലമുറയിലെ ശ്രദ്ധേയരായ എഴുത്തുകാര്‍ക്കുള്ള മലയാറ്റൂര്‍ പ്രൈസ് സലിന്‍ മാങ്കുഴിയുടെ ‘ആനന്ദലീല’ എന്ന നോവലിനാണ്. 10,001 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
കെ ജയകുമാര്‍ ഐഎഎസ് ചെയര്‍മാനും ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍, ഡോ. വികെ ജയകുമാര്‍, അനീഷ് കെ അയിലറ എന്നിവര്‍ അംഗങ്ങളുമായ കമ്മിറ്റിയാണ് അവാര്‍ഡ് കൃതികള്‍ തെരഞ്ഞെടുത്തത്. കെല്‍ക്കത്തയുടെ തെരുവുകളില്‍ മറയുന്ന അഭയാര്‍ത്ഥികളുടെ ജീവിത ചിത്രങ്ങള്‍ കോറിയിടുന്ന ‘തപോമയിയുടെ അച്ഛന്‍’ ആധുനിക മലയാള നോവലിന്റെ സങ്കീര്‍ണ ഗതികള്‍ ആവിഷ്‌ക്കരിക്കുന്ന കൃതിയാണ്. മനുഷ്യജീവിതത്തെ ചൂഴ്ന്നു നില്ക്കുന്ന ദുരൂഹതകള്‍ ചിത്രീകരിക്കുന്ന ഈ നോവല്‍ മലയാള സാഹിത്യത്തില്‍ വേറിട്ട അസ്തിത്വം അടയാളപ്പെടുത്തുന്നുവെന്നു ജൂറി വിലയിരുത്തി.
രണ്ടു കാലങ്ങളില്‍ ജീവിച്ച രണ്ട് പ്രതിഭകളെ സര്‍ഗ്ഗഭാവനയുടെ ഊര്‍ജ്ജം കൊണ്ട് വിളക്കിച്ചേര്‍ത്ത് പ്രണയത്തിന്റെ നാനാര്‍ത്ഥങ്ങള്‍ വരഞ്ഞിടുന്ന അസാധാരണ നോവലാണ് ‘ആനന്ദലീല’. കുമാരനാശാന്റെ കാവ്യജീവിതത്തെയും പ്രണയജീവിതത്തെയും ദാര്‍ശനിക ഭംഗിയോടെയും കയ്യടക്കത്തോടെയും അവതരിപ്പിക്കുന്നതിനോടൊപ്പം പ്രേംനസീറിന്റെ അവസാന കാലവും നോവലില്‍ സംയോജിപ്പിക്കുന്നു. മുന്‍മാതൃകകളൊന്നുമില്ലാത്ത, ധീരമായ ഭാവനയാണ് ആനന്ദലീലയുടെ കരുത്തും കമനീയതയുമെന്ന് അവാര്‍ഡ് കമ്മിറ്റി അഭിപ്രായപ്പെട്ടു.
സേതു , എം മുകുന്ദന്‍, യുഎ ഖാദര്‍, പി മോഹനന്‍, പെരുമ്പടവം ശ്രീധരന്‍, കെ പി രാമനുണ്ണി, എന്‍ പ്രഭാകരന്‍ , ഉണ്ണികൃഷ്ണന്‍ തിരുവാഴിയോട്, പ്രഭാവര്‍മ്മ, വി മധുസൂദനന്‍നായര്‍, ടിഡി രാമകൃഷ്ണന്‍, സതീഷ്ബാബുപയ്യന്നൂര്‍, സക്കറിയ, ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍, സജില്‍ ശ്രീധര്‍, ബെന്യാമിന്‍, സാറാ ജോസഫ് എന്നിവര്‍ക്കാണ് മുന്‍ വര്‍ഷങ്ങളില്‍ മലയാറ്റൂര്‍ അവാര്‍ഡ് ലഭിച്ചിട്ടുള്ളത്. അവാര്‍ഡുകള്‍ സെപ്റ്റംബര്‍ അവസാനവാരം തിരുവനന്തപുരത്തു വച്ച് നല്‍കുമെന്നു മലയാറ്റൂര്‍ പുരസ്‌കാര സമിതി അറിയിച്ചു.
Be the first to comment