തിരക്കുപിടിച്ച ജീവിതത്തിൽ എല്ലാം ഇൻസ്റ്റന്റ് ആയി കിട്ടുന്നതാണ് സൗകര്യം. ഭക്ഷണത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെ, അതുകൊണ്ടാണ് ജങ്ക് ഫുഡുകൾക്ക് ജനപ്രിതി കൂടിയത്. എന്നാൽ ആരോഗ്യത്തിന് അത്ര സുരക്ഷിതമല്ലെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം, പ്രത്യേകിച്ച് തലച്ചോറിന്റെ ആരോഗ്യത്തിൽ. കൊഴുപ്പ് കൂടിയും ജങ്ക് ഫുഡ് പോലുള്ളവയും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് തലച്ചോർ തകരാറിലാക്കുമെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.
ജങ്ക് ഫുഡും ഓർമശക്തിയും
ജങ്ക് ഫുഡ് നാല് ദിവസത്തിൽ കൂടുതൽ കഴിക്കുന്നത് ഒർമകളെ നിയന്ത്രിക്കുന്ന ഹിപ്പോകാമ്പസ് എന്ന തലച്ചോറിന്റെ ഭാഗത്തെ പ്രതികൂലമായി ബാധിക്കാം. പുതിയ ഓർമകൾ രൂപീകരിക്കുന്നതിലും സംഭരിക്കുന്നതിലും ഹിപ്പോകാമ്പസിന് നിർണ്ണായക പങ്കുണ്ട്. തലച്ചോറിലെ വികാരങ്ങളെ നിയന്ത്രിക്കുന്ന കേന്ദ്രമായ അമിഗ്ഡലയുമായി ചേർന്ന് ഇത് വികാരങ്ങൾ നിയന്ത്രിക്കുന്നതിലും ഒരു പരിധി വരെ പങ്കുവഹിക്കുന്നുണ്ട്. ഉയർന്ന കൊഴുപ്പുള്ള ഭക്ഷണം കഴിക്കുമ്പോൾ, തലച്ചോറിൽ ഇൻഫ്ലമേഷനും ഓർമകളെ തടസപ്പെടുത്തുകയും ചെയ്യുന്നു.
തലച്ചോറിലെ ഇന്റർ ന്യൂറോണുകൾ അമിതമായി പ്രവർത്തനക്ഷമമാകുമ്പോൾ ഗ്ലൂക്കോസ് സ്വീകരിക്കാനുള്ള തലച്ചോറിന്റെ കഴിവിനെ തകരാറിലാക്കുകയും തൽഫലമായി ഓർമകൾ പ്രോസസ്സ് ചെയ്യുന്നതിനെ ബാധിക്കുകയും ചെയ്യുന്നു. ഓർമക്കുറവ്, കാര്യങ്ങൾ പെട്ടെന്ന് മറന്നുപോകുക തുടങ്ങിയ പ്രശ്നങ്ങൾക്ക് ഇത് കാരണമാകാം. അമിതഭാരമോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ തുടങ്ങുന്നതിന് മുമ്പുതന്നെ ഈ മാറ്റങ്ങൾ തലച്ചോറിൽ സംഭവിച്ചു തുടങ്ങുമെന്നതാണ് ഏറ്റവും ശ്രദ്ധേയം.
ജങ്ക് ഫുഡും മാനസികാരോഗ്യവും തമ്മിൽ ശക്തമായ ബന്ധമുണ്ട് എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. അനാരോഗ്യകരമായ ഭക്ഷണക്രമം വിഷാദം, ഉത്കണ്ഠ, പെട്ടെന്നുള്ള മാനസികാവസ്ഥ മാറ്റങ്ങൾ എന്നിവയുൾപ്പെടെയുള്ള മാനസികാരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഇവ ഡോപാമിൻ പോലുള്ള സന്തോഷം നൽകുന്ന ന്യൂറോ ട്രാൻസ്മിറ്ററുകളുടെ ഉത്പാദനത്തെയും ബാധിക്കുന്നു. ഡോപാമിന്റെ ഈ പെട്ടെന്നുള്ള വർധനവ് ഒരു താൽക്കാലിക സന്തോഷം നൽകുന്നു. എന്നാൽ ഇത് തുടരുമ്പോൾ തലച്ചോറിന് പഴയ സന്തോഷം ലഭിക്കാൻ കൂടുതൽ കൂടുതൽ ജങ്ക് ഫുഡ് ആവശ്യമായി വരുന്നു.
തലച്ചോറിന്റെ ആരോഗ്യത്തിന് നിർണായകമായ ഒമേഗ-3 ഫാറ്റി ആസിഡുകൾ, വിറ്റാമിൻ ബി, മഗ്നീഷ്യം, ആന്റിഓക്സിഡന്റുകൾ എന്നിവ ജങ്ക് ഫുഡിൽ വളരെ കുറവാണ്. ഈ പോഷകങ്ങളുടെ കുറവ് തലച്ചോറിലെ കോശങ്ങൾ രൂപപ്പെടുന്നതിനും ന്യൂറോണുകൾ തമ്മിൽ ശരിയായി ആശയവിനിമയം നടത്തുന്നതിനും തടസ്സമുണ്ടാക്കുന്നു. ഇത് ശ്രദ്ധക്കുറവ്, വിജ്ഞാനപരമായ തകരാറുകൾ എന്നിവക്ക് കാരണമാകും.



Be the first to comment