ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കൊച്ചി യൂണിറ്റിൽ ഇസിഐആർ രജിസ്റ്റർ ചെയ്തു. ക്രൈംബ്രാഞ്ച് പ്രതി ചേർത്തവർ ഇഡി കേസിലും പ്രതിയാണ്. പിഎംഎൽഎ വകുപ്പ് ചേർത്താണ് അന്വേഷണം. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേസിൽ ഇഡി കൂടെ എത്തുന്നതോടെ രാഷ്ട്രീയപരമായ ചർച്ചകൾക്കും പുതിയ നീക്കം വഴിവെക്കും.

നേരത്തെ കേസിന്റെ വിവരങ്ങള്‍ തേടി റാന്നി കോടതിയില്‍ ഇഡി അപേക്ഷ സമര്‍പ്പിച്ചിരുന്നു. എഫ്‌ഐആര്‍ അടക്കം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു കോടതിയെ സമീപിച്ചിരുന്നത്. എന്നാല്‍ കോടതി ആവശ്യം നിരസിച്ചിരുന്നു. പിന്നാലെ ഇഡി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇഡിയുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു. കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടെന്നും ഇതര സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇടപാടുകള്‍ നടന്നിട്ടുള്ളതിനാല്‍ തങ്ങള്‍ക്ക് അന്വേഷിക്കാന്‍ അവകാശമുണ്ടെന്നുമായിരുന്നു ഇഡി ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.

കേസില്‍ ഇതുവരെ നടന്ന അന്വേഷണത്തിന്റെ വിവരങ്ങള്‍ ലഭിച്ചതിന് പിന്നാലെ ഇഡി കേസെടുക്കാന്‍ അനുമതിക്കായി ഡല്‍ഹിയിലേക്ക് വിവരങ്ങള്‍ കൈമാറിയിരുന്നു. കേസെടുക്കാന്‍ അനുമതി ലഭിച്ചതിന് പിന്നാലെയാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം ഇഡി ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അതേസമയം ശബരിമല സ്വർണ്ണക്കൊള്ളയിൽ തിരുവിതാംകൂർ മുൻ ദേവസ്വം സെക്രട്ടറി എസ് ജയശ്രീയെ ഇന്നും ചോദ്യം ചെയ്തു. രുവനന്തപുരം ഈഞ്ചയ്ക്കൽ ക്രൈം ബ്രാഞ്ച് ഓഫീസിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ നടന്നത്. ദേവസ്വം ബോർഡ് തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സ്വർണ്ണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുത്തു വിടാനുള്ള ഉത്തരവിറക്കിയത് ജയശ്രീയാണ്. ഈ തീരുമാനം സംബന്ധിച്ച് ദേവസ്വം പ്രസിഡന്റ് ഉൾപ്പെടെയുള്ള അംഗങ്ങൾ വ്യത്യസ്തമായ മൊഴികളാണ് നൽകിയിരുന്നത്.ബോർഡ് യോഗത്തിന്റെ തീരുമാനം അനുസരിച്ചു ഉത്തരവിറക്കുക മാത്രമാണ് താൻ ചെയ്‌തതെന്നാണ് ജയശ്രീയുടെ വാദം. സുപ്രീം കോടതിയിൽ നിന്നും മുൻ‌കൂർ ജാമ്യം നേടിയ ജയശ്രീ കോടതി നിർദ്ദേശ പ്രകാരമാണ് ചോദ്യം ചെയ്യലിന് ഹാജരായത്.

Be the first to comment

Leave a Reply

Your email address will not be published.


*