ഭൂട്ടാനിൽ നിന്നുള്ള വാഹന കടത്ത്; അന്വേഷണത്തിന് ഇഡ‍ിയും, കസ്റ്റംസിൽ വിവരങ്ങൾ ശേഖരിച്ചു

ഭൂട്ടാനിൽ നിന്നുള്ള വാഹനക്കടത്തിൽ അന്വേഷണത്തിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും. കസ്റ്റംസിൽ നിന്ന് ഇഡ‍ി ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിച്ചു. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഓഫീസിലേക്ക് ഇഡി ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു. കേസില്‍ സാമ്പത്തിക ക്രമക്കേടുകളടക്കം അന്വേഷിക്കേണ്ടതുണ്ടെന്ന് കസ്റ്റംസ് കമ്മിഷണര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇഡി അന്വേഷണത്തിന് ഒരുങ്ങുന്നത്.

വാഹന ഇടപാടില്‍ പലരും സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇടപാടില്‍ കോടികള്‍ മറിഞ്ഞെന്ന നിഗമനത്തിലാണ് ഇഡിയുള്ളത്. ഫെമ, പിഎംഎല്‍എ കുറ്റങ്ങള്‍ വാഹനക്കടത്തില്‍ നിലനില്‍ക്കുന്നതിന്റെ വിവരങ്ങള്‍ ഇഡി പരിശോധിച്ച് വരികയാണ്. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ഇഡി ഇതിനോടകം ശേഖരിച്ചു കഴിഞ്ഞു. കേസില്‍ സാമ്പത്തിക ക്രമക്കേട് നടന്നുവെന്നതിന്റെ പശ്ചാത്തലത്തിലാണ് ഇഡിയും കേസില്‍ ഇടപെട്ടിരിക്കുന്നത്.

വാഹന ഇടപാടുകളിലൂടെ ലഭിച്ച തുക ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിട്ടുണ്ടോയെന്ന് സംശയിക്കുന്നുവെന്ന കസ്റ്റംസ് വെളിപ്പെടുത്തതിൽ കൂടുതൽ കേന്ദ്ര ഏജൻസികൾ വിവരങ്ങൾ തേടും. വാഹനങ്ങൾ കടത്തിയ കേസിൽ നടൻ ദുൽഖർ സൽമാന് കസ്റ്റംസ് ഇന്ന് സമൻസ് നൽകും. വാഹനത്തിന്റെ റജിസ്ട്രേഷൻ അടക്കമുള്ള എല്ലാ രേഖകളും ഹാജരാക്കണമെന്ന് നിർദേശവും നൽകും. കൃത്യമായ രേഖകൾ ഹാജരാക്കിയില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് കടക്കാനാണ് കസ്റ്റംസ് തീരുമാനം. ദുൽഖറിന്റെ രണ്ടു വാഹനങ്ങൾ കൂടി കസ്റ്റംസ് നിരീക്ഷണത്തിലാണ്.

അതേസമയം തന്റെ പേരിലുള്ള ഒരു വാഹനം മാത്രമാണ് പിടിച്ചെടുത്തത് എന്ന് അമിത് ചക്കാലയ്ക്കൽ ഇന്നും ആവർത്തിച്ചു. പിടിച്ചെടുത്ത ആഡംബര വാഹനങ്ങൾ ഉടമകൾക്ക് തന്നെ കസ്റ്റംസ് വിട്ടുകൊടുക്കും. സേഫ് കസ്റ്റഡിയിൽ സൂക്ഷിക്കാൻ നോട്ടീസ് നൽകാനാണ് കസ്റ്റംസിന്റെ തീരുമാനം. നിയമ നടപടികൾ അവസാനിക്കും വരെ ഇവ ഉപയോഗിക്കാൻ അനുവദിക്കില്ല. കുറ്റം തെളിഞ്ഞാൽ വാഹനങ്ങൾ കണ്ടുകെട്ടും. അതേസമയം അന്വേഷണത്തെ ക്കുറിച്ച് കൂടുതൽ വിവരങ്ങൾ ചോദിച്ചെങ്കിലും കസ്റ്റംസ് കമ്മീഷണർ പ്രതികരിച്ചില്ല.

Be the first to comment

Leave a Reply

Your email address will not be published.


*