ബംഗാളില്‍ ഐ പാക്കിനെതിരായ അന്വേഷണം തടസപ്പെടുത്തിയതിന് എതിരെ ഇഡി നല്‍കിയ ഹര്‍ജിയില്‍ മമത സര്‍ക്കാരിന് തിരിച്ചടി. ഇഡിയ്‌ക്കെതിരെ ബംഗാള്‍ പോലീസ് എടുത്ത കേസ് നടപടികള്‍ സുപ്രീംകോടതി സ്റ്റേ ചെയ്തു. ഐ പാക് പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ നഷ്ടപ്പെടരുതെന്നും ഡിജിറ്റല്‍ ഡിവൈസുകള്‍ സംരക്ഷിക്കണമെന്നും സംസ്ഥാന സര്‍ക്കാരിനോട് കോടതി. കേസ് അടുത്തമാസം മൂന്നിന് വീണ്ടും പരിഗണിക്കും.
ഐ പാക്കിനെതിരായ അന്വേഷണം ബംഗാള്‍ സര്‍ക്കാര്‍ തടസ്സപ്പെടുത്തി എന്ന ഇഡിയുടെ ഹര്‍ജി കോടതി പരിശോധിക്കേണ്ട വളരെ ഗുരുതരമായ പ്രശ്‌നമാണെന്ന് സുപ്രീംകോടതി നീരീക്ഷിച്ചു. ഗുരുതര കുറ്റകൃത്യങ്ങള്‍ക്കെതിരെയുള്ള അന്വേഷണ ഏജന്‍സികളുടെ സത്യസന്ധമായ നടപടി നിര്‍വഹിക്കുന്നതില്‍ ഏതെങ്കിലും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കഴിയുമോ എന്ന വിഷയം പരിശോധിക്കേണ്ടതാണെന്ന് സുപ്രീംകോടതി പറഞ്ഞു. കേസില്‍ ബംഗാള്‍ സര്‍ക്കാരിനും ഡിജിപിക്കും മറ്റ് പോലീസ് ഉദ്യോഗസ്ഥര്‍ക്കും സുപ്രീംകോടതി നോട്ടീസ് നല്‍കി. രണ്ടാഴ്ചക്കുള്ളില്‍ മറുപടി സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.
പരിശോധന നടത്തിയ ദിവസം ഐ പാക്ക് സ്ഥാപനത്തിലെയും പരിസരപ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷിക്കണം എന്നും ബംഗാള്‍ സര്‍ക്കാരിനോട് കോടതി പറഞ്ഞു.ഇ.ഡി. ഉദ്യോഗസ്ഥര്‍ക്കെതിരെ ബംഗാള്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത മൂന്ന് എഫ്ഐആറുകളിലെ തുടര്‍ നടപടികള്‍ കോടതി സ്റ്റേ ചെയ്തു.
അടുത്ത തവണ കേസ് പരിഗണിക്കുന്നത് വരെയാണ് സ്റ്റേ തുടരുക. ഫെബ്രുവരി മൂന്നിന് കേസ് വീണ്ടും പരിഗണിക്കും.ഐ പാക്ക് ഓഫീസിലെ രേഖകള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ മമതാ ബാനര്‍ജി മോഷ്ടിച്ചു എന്നും ഇഡി കോടതിയില്‍ ആരോപിച്ചു.തിരഞ്ഞെടുപ്പുകള്‍ക്കിടയില്‍ ഇഡി എന്തുകൊണ്ടാണ് ഇത്രയധികം ഉത്സാഹം കാണിക്കുന്നത് എന്നും പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് രേഖകള്‍ ചോര്‍ത്തുകയായിരുന്നു ഇഡിയുടെ ലക്ഷ്യം എന്നും ടിഎംസിയും കോടതിയില്‍ വാദിച്ചു.



Be the first to comment