ഇടക്കൊച്ചി ക്രിക്കറ്റ് സ്റ്റേഡിയം അഴിമതിയിൽ വിജിലൻസ് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. അന്വേഷണം തടഞ്ഞുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദ് ചെയ്തു. മുൻ കെസിഎ അധ്യക്ഷൻ ടി സി മാത്യു അടക്കം 18 പ്രതികളാണ് കേസിലുളളത്. കേരള ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
2012ലാണ് സംഭവം നടക്കുന്നത്. ഇടക്കൊച്ചിയിൽ സ്‌റ്റേഡിയം നിർമിക്കാനായി കെസിഎ സ്ഥലം വാങ്ങിയിരുന്നു. 26 ഏക്കർ സ്ഥലം 21 കോടി രൂപയ്ക്കായിരുന്നു വാങ്ങിയത്. ഇതിൽ ചില ക്രമക്കേടുകൾ ഉണ്ടെന്ന് ചൂണ്ടിക്കാണിച്ച് പരാതിക്കാരൻ തൃശൂർ വിജിലൻസ് കോടതിയെ സമീപിച്ചത്. തൃശൂർ വിജിലൻസ് കോടതിയുടെ നിർദേശപ്രകാരം എറണാകുളം വിജിലൻസ് യുണീറ്റ് കെസിഎ ഭാരവാഹികളെ പ്രതികളാക്കി കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇടുക്കി സ്റ്റേഡിയം നിർമാണവുമായി ബന്ധപ്പെട്ട് ഒരു പരാതി കോട്ടയം വിജിലൻസ് കോടതിയിലും എത്തിയിരുന്നു. അതുമായി ബന്ധപ്പെട്ട് മറ്റൊരു കേസുകൂടി രജിസ്റ്റർ ചെയ്തിരുന്നു.
ഈ കേസുകൾ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ടിസി മാത്യു അടക്കമുള്ള ഭാരവാഹികൾ ഹൈക്കോടതി സിംഗിൾ ബെഞ്ചിനെ സമീപിച്ചിരുന്നു. സിംഗിൾ ബെഞ്ച് ഈ അന്വേഷണം റദ്ദ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയിരുന്നു. പൊതുസേവകന്റെ നിർവചനത്തിൽ കെസിഎ ഭാരവാഹികൾ വരില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി കേസ് റദ്ദ് ചെയ്തത്. പിന്നാലെ പരാതിക്കാരൻ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ പോയി. അതിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്.



Be the first to comment