‘എവിടെയോ കിടന്ന ഒരുത്തന്‍ ഓഫീസില്‍ വന്നതുപോലെ പുച്ഛത്തോടെ’; മന്ത്രി അനിലിനും പ്രകാശ് ബാബുവിനുമെതിരെ വി ശിവൻകുട്ടി

പിഎം ശ്രീ വിഷയത്തിലെ പ്രതിഷേധത്തിൽ സിപിഐ നേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സിപിഐ ആസ്ഥാനത്തുവെച്ച് മന്ത്രി ജി ആര്‍ അനില്‍ തന്നെ അപമാനിക്കുന്ന പ്രസ്താവന നടത്തി. അനിലിന്റെ പ്രസ്താവന തന്റെ മനസിനെ വേദനിപ്പിച്ചെന്നും ശിവന്‍കുട്ടി പറഞ്ഞു.

ഓഫിസില്‍ വന്നാല്‍ സംസാരിക്കാതെ പറ്റുമോ എന്നാണ് അനില്‍ തന്റെ സന്ദർശനത്തെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചത്. എവിടെയോ കിടന്ന ഒരുത്തന്‍ ഓഫിസില്‍ വന്നതുപോലെ പുച്ഛത്തോടെയാണ് മന്ത്രി ജി ആര്‍ അനില്‍ പെരുമാറിയതെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു. സിപിഎം ജനറൽ സെക്രട്ടറി എം എ ബേബിയെക്കുറിച്ച് പ്രകാശ് ബാബു പറഞ്ഞതിനെയും ശിവൻകുട്ടി വിമർശിച്ചു.

സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി നിസഹായനാണെന്നാണ് കെ പ്രകാശ് ബാബു പറഞ്ഞത്. ഇതു ശരിയായില്ല. എഐഎസ്എഫും എഐവൈഎഫും തന്റെ ഓഫിസിലേക്കു നടത്തിയ മാര്‍ച്ചില്‍ വിളിച്ച മുദ്രാവാക്യങ്ങളും വാക്കുകളും തന്നെ വേദനിപ്പിച്ചു. സിപിഐ-സിപിഎം നേതാക്കളും മുഖ്യമന്ത്രിയും ഉള്‍പ്പെടെയുള്ളവര്‍ ചര്‍ച്ചചെയ്ത് കൊണ്ടിരിക്കുന്നതിനിടെ ഇത് പാടില്ലായിരുന്നുവെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.

പ്രതിപക്ഷത്തെക്കാള്‍ രൂക്ഷമായ വിമര്‍ശനമാണ് തനിക്കെതിരേ നടത്തിയത്. ഒരിക്കലും പൊരുത്തപ്പെടാന്‍ കഴിയാത്ത മുദ്രാവാക്യങ്ങള്‍ വരെ തനിക്കെതിരെ വിളിച്ചു. തര്‍ക്കമുണ്ടാകുമ്പോള്‍ ഉപയോഗിക്കേണ്ട വാക്കുകളും നടത്തേണ്ട പ്രവൃത്തികളും സംബന്ധിച്ചിടത്തോളം ഒന്നുകൂടെ പക്വതയോടെ ചെയ്യണമായിരുന്നു. വേദന തോന്നുന്നരീതിയിലുള്ള പ്രതിഷേധം ഒരിക്കലും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തമ്മില്‍ ഉണ്ടാകാന്‍ പാടില്ലെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*