മദ്രസയുടെ സമയം മാറ്റുകയാണ് വേണ്ടത്; സമസ്തയുടെ ആവശ്യത്തിന് വഴങ്ങില്ല; അവര്‍ കോടതിയില്‍ പോകട്ടെയെന്ന് ശിവന്‍കുട്ടി

തിരുവനന്തപുരം: സ്‌കൂള്‍ സമയമാറ്റത്തിനെതിരെ സമരത്തിനിറങ്ങുന്ന സമസ്തക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സമരം ജനാധിപത്യ വിരുദ്ധമാണെന്നും സര്‍ക്കാരിനെ ഭീഷണപ്പെടുത്തുന്ന രീതിയാണ് സമസ്ത സ്വീകരിക്കുന്നതെന്നും മന്ത്രി വി ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. സമസ്തയുമായി ചര്‍ച്ചയ്ക്കില്ല. കോടതി പറഞ്ഞിട്ടാണ് സമയമാറ്റം. അതിനാല്‍ എതിര്‍പ്പുണ്ടെങ്കില്‍ കോടതിയെയാണ് സമീപിക്കേണ്ടത്. മത സംഘടനകള്‍ വിദ്യാഭ്യാസ രംഗത്ത് അനാവശ്യമായി ഇടപെടുന്നത് അംഗീകരിക്കാനാകില്ലെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

‘സര്‍ക്കാര്‍ ഒരു തീരുമാനം എടുക്കുമ്പോള്‍ എല്ലാ കുട്ടികളെയും ബാധിക്കുന്ന തരത്തിലേ എടുക്കാന്‍ പറ്റുകയുള്ളു. ഏതെങ്കിലും ഒരുവിഭാഗത്തിന് വേണ്ടി പരീക്ഷ മാറ്റിവയ്ക്കുക, ക്ലാസ് ടൈം മാറ്റിവയ്ക്കുക, പ്രത്യേകം അവധി നല്‍കുകയെന്നത് തെരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ സര്‍ക്കാരിന് ചെയ്യാനാവില്ല. ഈ ആവശ്യം ജനാധിപത്യ വിരുദ്ധമാണ്. ഇത് സര്‍ക്കാരിനെ വെല്ലുവിളിക്കുന്ന സമ്പ്രദായമാണെന്നും ഭീഷണിക്ക് മുന്നില്‍ വഴങ്ങില്ലെന്നും മന്ത്രി പറഞ്ഞു.

സ്‌കൂളിലെ സമയക്രമത്തിനുസരിച്ച് അവര്‍ സമയം ക്രമീകരിക്കുകയാണ് ചെയ്യേണ്ടത്. ഇത്തരത്തില്‍ ഒരോ സംഘടനകള്‍ ആവശ്യപ്പെട്ടാല്‍ സ്‌കൂള്‍ നടത്തിക്കൊണ്ടുപോകാന്‍ കഴിയില്ല. ഈ വിഷയത്തില്‍ എന്ത് ചര്‍ച്ച നടത്താനിരിക്കുന്നു. ഓരോരുത്തരും അവരുടെ മതവും ജാതിയും വിശ്വാസങ്ങളും പൊതുസമൂഹത്തെ ബാധിക്കുന്ന തരത്തിലേക്ക് കൊണ്ടുവന്നാല്‍ ആതൊന്നും അംഗീകരിക്കാന്‍ പറ്റില്ല. കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തീരുമാനം. വിദ്യാഭ്യാസരംഗത്ത് പുരോഗമനനിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ ഇത്തരം നിലപാട് സ്വീകരിക്കുന്നതിനെ അംഗീകരിക്കാന്‍ പറ്റില്ല’ ശിവന്‍ കുട്ടി പറഞ്ഞു.

 

Be the first to comment

Leave a Reply

Your email address will not be published.


*