വമ്പൻ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ കിഷ്കിന്ധാ കാണ്ഡത്തിനു ശേഷം ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത “എക്കോ”യുടെ ടീസർ പുറത്ത്. കിഷ്കിന്ധാ കാണ്ഡം, കേരളാ ക്രൈം ഫയൽസ് സീസൺ 2 എന്നിവക്ക് ശേഷം ബാഹുൽ രമേശ് തിരക്കഥ രചിച്ച ഈ ചിത്രത്തിൽ യുവതാരം സന്ദീപ് പ്രദീപ് ആണ് നായകനായി എത്തുന്നത്. ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറിൽ എംആർകെ ജയറാമിന്റെ ആദ്യ നിർമ്മാണ സംരംഭം കൂടിയാണ് ഈ ചിത്രം.
ഏറെ മിസ്റ്ററി നിറഞ്ഞ ഒരു ചിത്രമായിരിക്കും ഇതെന്നാണ് ടീസർ നൽകുന്ന സൂചന. പ്രേക്ഷകർക്ക് ആകാംഷയും ഉദ്വേഗവും പകരുന്ന ചിത്രമായിരിക്കും ‘എക്കോ’ എന്നും ടീസർ സൂചിപ്പിക്കുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നേരത്തെ പുറത്ത് വരികയും വമ്പൻ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈ ചിത്രത്തെ കുറിച്ച് പ്രേക്ഷകർക്ക് നൽകിയ അതേ ആകാംഷയാണ് ഇപ്പോൾ ടീസറും നൽകുന്നത്.
കഥാവഴിയിൽ മൃഗങ്ങൾക്കും നിർണ്ണായകമായ സ്ഥാനം നല്കിയൊരുക്കിയ കിഷ്കിന്ധാ കാണ്ഡം, കേരളാ ക്രൈം ഫയൽസ് സീസൺ 2 എന്നിവക്ക് ശേഷം വരുന്ന ഈ ചിത്രത്തിലും മൃഗങ്ങൾക്ക് പ്രാധാന്യമുണ്ട്. മൂന്നു ഭാഗങ്ങൾ ഉള്ള ഈ അനിമൽ ട്രിയോളജിയിലെ അവസാന ഭാഗം എന്നും “എക്കോ” യെ വിശേഷിപ്പിക്കാം.
പരസ്പരം ബന്ധമില്ലാത്ത മൂന്ന് വ്യത്യസ്ത കഥകളാണ് ഈ ട്രിയോളജിയിൽ ഉള്ളതെങ്കിലും, കഥാഗതിയിൽ മൃഗങ്ങൾ പുലർത്തുന്ന നിർണ്ണായക സ്വാധീനം കൊണ്ട് തന്നെ ഈ കഥകളുടെ ആത്മാവുകൾ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു. മൃഗസാന്നിധ്യമുള്ള കഥാലോകത്ത് നടക്കുന്ന കുറ്റകൃത്യങ്ങളും ധാർമിക സംഘർഷങ്ങളുമാണ് ഈ മൂന്നു കഥകളിലും പൊതുവായി വിഷയമാകുന്നത്.”പടക്കളം” എന്ന സൂപ്പർ ഹിറ്റിന് ശേഷം സന്ദീപ് പ്രദീപ് നായകനായി എത്തുന്നു എന്നതും ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾ വർധിപ്പിക്കുന്ന ഘടകമാണ്.



Be the first to comment