പയ്യോളിയില്‍ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ വയോധികനില്‍ നിന്ന് ഒന്നരക്കോടി രൂപ തട്ടിയെടുത്തു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ എന്ന വ്യാജേനെയായിരുന്നു തട്ടിപ്പ്. സംഭവത്തില്‍ സൈബര്‍ ക്രൈം പോലീസ് അന്വേഷണം ആരംഭിച്ചു.
സൈബര്‍ തട്ടിപ്പിനെതിരെ നിരന്തരം മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും ആളുകള്‍ ഇതിന് ഇരയാകുന്നത് ആശങ്കാജനകമാണെന്ന് പോലീസ് പറയുന്നു. വാട്സ് ആപ്പ് വഴി വിഡിയോ കോള്‍ വിളിച്ചാണ് തട്ടിപ്പ് സംഘം പയ്യോളിയിലെ വയോധികന് ഡിജിറ്റല്‍ അറസ്റ്റിലാണെന്ന് അറിയിച്ചത്. നിരോധിത സംഘടനകളുമായി വയോധികന് ബന്ധമുണ്ടെന്നും അവരുടെ അക്കൗണ്ടിലേക്ക് പണം കൈമാറിയതിന്റെ തെളിവുകള്‍ ഉണ്ടെന്നും പറഞ്ഞ് തട്ടിപ്പ് സംഘം ഭീഷണിപ്പെടുത്തി.
കേസ് ഒഴിവാക്കാന്‍ കമ്മീഷനായി പണം നല്‍കണമെന്ന് സംഘം ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ അടുത്ത നടപടി നേരിട്ടുള്ള അറസ്റ്റായിരിക്കുമെന്നും അറിയിച്ചതോടെ വയോധികന് ഒന്നരക്കോടി രൂപ കൈമാറുകയായിരുന്നു. പിന്നീട് താന്‍ തട്ടിപ്പിന് ഇരയായെന്ന് ബോധ്യപ്പെട്ടതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജനങ്ങള്‍ ജാഗരൂകരായിരിക്കണമെന്ന് പോലീസ് പറഞ്ഞു.



Be the first to comment