‘നാലര ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്യണം’; ബാങ്ക് ജീവനക്കാരുടെ ഇടപെടലില്‍ വയോധികന് ‘ഡിജിറ്റല്‍ അറസ്റ്റ്’ തട്ടിപ്പില്‍ നിന്ന് രക്ഷ

ബാങ്ക് അധികൃതരുടെ ഇടപെടല്‍ വയോധികനെ ‘ഡിജിറ്റല്‍ അറസ്റ്റ്’ തട്ടിപ്പില്‍ നിന്ന് രക്ഷപ്പെടുത്തി. തന്റെ അക്കൗണ്ടിലുള്ള നാലര ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ചെക്കുമായെത്തിയ 64കാരനോട് ബാങ്ക് ജീവനക്കാര്‍ വിവരങ്ങള്‍ തിരക്കിയപ്പോള്‍ അസ്വഭാവികത തോന്നുകയായിരുന്നു.

വര്‍ഷങ്ങളായുള്ള ഇടപാടുകാരനാണ്. ചോദ്യം കേട്ടതും താന്‍ പിന്നീട് വരാമെന്നു പറഞ്ഞ് അദ്ദേഹം പെട്ടെന്ന് പുറത്തേക്കിറങ്ങി. വയോധികന്റെ അസ്വാഭാവികമായ പെരുമാറ്റം കണ്ടതോടെ വൈപ്പിനിലുള്ള സൗത്ത് ഇന്ത്യന്‍ ബാങ്കിലെ ജീവനക്കാര്‍ പണമയയ്‌ക്കേണ്ട അക്കൗണ്ട് പരിശോധിച്ചപ്പോള്‍ ഉത്തരേന്ത്യയിലെ ഒരു വിലാസം. തട്ടിപ്പു മണത്ത ബാങ്ക് അധികൃതര്‍ ഉടന്‍ പുറത്തേക്കിറങ്ങി വയോധികനെ അന്വേഷിച്ചു. പുറത്ത് കാറില്‍ത്തന്നെ, ഇരിക്കുകയായിരുന്നു അദ്ദേഹം. താന്‍ രാവിലെ 9 മണി മുതല്‍ ഡിജിറ്റല്‍ അറസ്റ്റിലാണെന്ന വയോധികന്‍ പറഞ്ഞത്.

തന്നെ മുംബൈ പോലീസ് വിളിച്ചിരുന്നുവെന്നും തട്ടിപ്പിലൂടെ ഉണ്ടാക്കിയ വലിയൊരു തുക തന്റെ അക്കൗണ്ടിലേക്ക് അയച്ചിട്ടുണ്ടെന്നും അത് വൈകാതെ അക്കൗണ്ടിലെത്തും എന്നുമായിരുന്നു വിളിച്ചവര്‍ പറഞ്ഞത്. മുംബൈ പോലീസിന്റെ യൂണിഫോമും ഓഫിസും എല്ലാം കണ്ടാല്‍ യഥാര്‍ഥം.

പണം അക്കൗണ്ടിലെത്തിയാല്‍ തന്റെ പേര്‍ക്ക് കേസെടുക്കുമെന്നും അത് ഒഴിവാക്കണമെങ്കില്‍ നിലവില്‍ അക്കൗണ്ടുകളിലുള്ള പണം അവര്‍ പറയുന്ന അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യണമെന്നും ആവശ്യപ്പെട്ടു. അങ്ങനെ മറ്റു രണ്ടു ബാങ്കുകളിലുള്ള 78,000 രൂപ അയച്ചു. അതിനു േശഷമാണ് വൈപ്പിനിലുള്ള സൗത്ത് ഇന്ത്യന്‍ ബാങ്കിലേക്ക് എത്തിയത്. തന്നോട് അവര്‍ വിഡിയോ കോളില്‍ സംസാരിക്കുകയായിരുന്നുവെന്നും വയോധികന്‍ പറഞ്ഞു. സംഭവത്തില്‍ വിശദമായ പരാതി സൈബര്‍ സെല്ലിനും കേന്ദ്രീകൃത സംവിധാനമായ 1930 എന്ന നമ്പറിലേക്കും നല്‍കി. തു. 78,000 രൂപ നഷ്ടപ്പെട്ടതിലും 64കാരന്‍ പരാതി നല്‍കിയിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*