വയോധികയെ കെട്ടിയിട്ട് സ്വര്‍ണവും പണവും കവര്‍ന്നു; മോഷണം നടത്തിയത് കൊച്ചുമകനും പെണ്‍സുഹൃത്തും

വയോധികയെ കെട്ടിയിട്ട് സ്വര്‍ണ്ണവും പണവും അപഹരിച്ച സംഭവത്തില്‍ കൊച്ചുമകനും പെണ്‍സുഹൃത്തും പിടിയില്‍. ഇടുക്കി രാജകുമാരി നടുമറ്റത്താണ് സംഭവം. പട്ടാപ്പകല്‍ വീട്ടില്‍ കയറിയാണ് വയോധികയെ കെട്ടിയിട്ട് പണവും സ്വര്‍ണ്ണവും കവര്‍ന്നത്. വയോധിക മറിയകുട്ടിയുടെ കൊച്ചുമകന്‍ സൈബു തങ്കച്ചനും സുഹൃത്ത് അനില ജോസുമാണ് പിടിയിലായത്.

കേസിലെ പ്രതിയായ മറ്റൊരു സ്ത്രീ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ഒരു പ്രതികൂടി പിടിയിലാകാനുണ്ട്. കഴിഞ്ഞ മാസം 16 നാണ് നടുമറ്റം പാലക്കുന്നേല്‍ ടോമിയുടെ വീട്ടില്‍ കവര്‍ച്ച നടന്നത്.രാവിലെ ഒന്‍പതരയോടെയായിരുന്നു സംഭവം. ടോമിയുടെ മാതാവ് 80 വയസുകാരിയായ മറിയക്കുട്ടി മാത്രമായിരുന്നു ഈ സമയം വീട്ടിലുണ്ടായിരുന്നത്. 2 സ്ത്രീകള്‍ ഉള്‍പ്പെടുന്ന മൂന്നംഗ സംഘമാണ് വീട്ടിലെത്തിയത്. വീട്ടില്‍ അതിക്രമിച്ച് കയറിയ സംഘം മറിയക്കുട്ടിയെ തുണി ഉപയോഗിച്ച് ഊണ് മേശയില്‍ കെട്ടിയിടുകയായിരുന്നു. തുടര്‍ന്ന് മറിയക്കുട്ടിയുടെ വിരലിലുണ്ടായിരുന്ന 8 ഗ്രാം തൂക്കം വരുന്ന 3 മോതിരങ്ങള്‍ ഊരിയെടുക്കുകയും അലമാര തുറന്ന് അതിലുണ്ടായിരുന്ന 3000 രൂപയും കവര്‍ന്നു.

ഇതിനിടയില്‍ കെട്ടഴിച്ച് പുറത്തേക്ക് ഓടിയ മറിയക്കുട്ടി ഒച്ച വെച്ച് ആളെ കൂട്ടുകയായിരുന്നു. അടുത്ത പറമ്പില്‍ തടിപ്പണി ചെയ്തിരുന്നവര്‍ എത്തിയപ്പോഴേക്കും പ്രതികള്‍ ഓടി രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് രാജാക്കാട് പോലീസ് നടത്തിയ അന്വേഷണത്തില്‍ കോട്ടയം മണര്‍കാട്ടുള്ള വാടക വീട്ടില്‍ നിന്ന് സോണിയ എന്ന് വിളിക്കുന്ന സരോജയെ പോലീസ് പിടികൂടി. സരോജയില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മോഷണത്തിന്റെ മുഖ്യ സൂത്രധാരന്‍ മറിയകുട്ടിയുടെ മകളുടെ മകനിലേക്ക് അന്വേഷണം എത്തുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊച്ചുമകനായ പന്നിയാര്‍കുട്ടി കൊല്ലിപിള്ളിയില്‍ സൈബു തങ്കച്ചനും കാഞ്ഞിരപ്പള്ളി സ്വദേശിയായ പെണ്‍ സുഹൃത്തും പോലീസ് പിടിയിലാകുന്നത്. പാലക്കാട് നിന്നുമാണ് ഇരുവരെയും പോലീസ് പിടികൂടിയത്. ഒരാള്‍ കൂടി പിടിയിലാകാനുണ്ട്. പ്രതികളെ അടിമാലി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Be the first to comment

Leave a Reply

Your email address will not be published.


*