
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനായി നടപടിക്രമങ്ങള്‍ ആരംഭിച്ചതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഉപരാഷ്ട്രപതി സ്ഥാനത്തു നിന്നും ജഗ്ദീപ് ധന്‍കര്‍ രാജിവച്ച പശ്ചാത്തലത്തിലാണ് നടപടി. പ്രാഥമിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ തിരഞ്ഞെടുപ്പിന്റ ഷെഡ്യുള്‍ പ്രഖ്യാപിക്കും.
അതേസമയം, അടുത്ത ഉപരാഷ്ട്രപതിയെ തീരുമാനിക്കുന്നതിനായി ബിജെപി നേതൃതലത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ചു.ശനിയാഴ്ച ചേരുന്ന എന്‍ഡിഎ യോഗത്തില്‍, ഉപരാഷ്ട്രപതിയെ പേര് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും എന്നാണ് വിവരം.
ബിഹാര്‍ മുഖ്യമന്ത്രിയും നിതീഷ് കുമാറിന്റെ പേര് സജീവ പരിഗണനയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. 2020ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇനി മത്സരത്തിനില്ലെന്ന് നിതീഷ് പ്രഖ്യാപിച്ചിരുന്നു. നിതീഷ് മാറിനില്‍ക്കുന്നതോടെ ബിഹാറില്‍ മുഖ്യമന്ത്രി സ്ഥാനം ബിജെപിക്ക് ലഭിക്കും. നിതീഷിനു താത്പര്യം ഇല്ലെങ്കില്‍, ജെഡിയുവിന്റെ കേന്ദ്രമന്ത്രിയും മുന്‍മുഖ്യമന്ത്രി കര്‍പ്പൂരി താക്കൂറിന്റ മകനുമായ രാംനാഥ് താക്കൂറിന്റ പേര് പരിഗണിച്ചേക്കും.
ഉടന്‍ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഇതു ഗുണം ചെയ്യും എന്നാണ് കണക്കാക്കുന്നത്. മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍, ബിജെപി അധ്യക്ഷസ്ഥാനം ഒഴിയുന്ന ജെപി നദ്ദ എന്നിവരുടെ പേരുകളും പട്ടികയില്‍ ഉണ്ടെന്നാണ് സൂചന.
ലോക്സാഭയിലെയും, രാജ്യസഭയിലെയും തിരഞ്ഞെടുക്കപ്പെട്ട എംപിമാരാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കാന്‍ വോട്ടു ചെയ്യുക. ഇരുസഭകളിലുമായി 422 അംഗങ്ങള്‍ ഉള്ള എന്‍ഡിഎയുടെസ്ഥാനാര്‍ഥിക്ക് അനായാസം ജയിക്കാനാകും.
Be the first to comment