
ന്യൂഡല്‍ഹി: പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡും ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നു. ഫ്‌ലയിങ് ഫ്‌ലീ എന്ന ഇവി സബ് ബ്രാന്‍ഡിന്റെ കീഴില്‍ നടപ്പു സാമ്പത്തികവര്‍ഷത്തിന്റെ നാലാംപാദമായ ജനുവരി- മാര്‍ച്ച് പാദത്തില്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കാനാണ് കമ്പനി ഒരുങ്ങുന്നത്. ഇലക്ട്രിക് വാഹന മേഖലയിലേക്കുള്ള പ്രവേശനം സി6 മോഡലില്‍ ആരംഭിക്കാനാണ് പദ്ധതി. തുടര്‍ന്ന് എസ്6 ലോഞ്ച് ചെയ്യും.
‘ഞങ്ങള്‍ നിലവില്‍ പരീക്ഷണ ഘട്ടത്തിലാണ്. 2026 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു,’- ഐഷര്‍ മോട്ടോഴ്സ് മാനേജിങ് ഡയറക്ടര്‍ ബി ഗോവിന്ദരാജന്‍ പറഞ്ഞു. നിലവിലുള്ള റീട്ടെയില്‍ ഫോര്‍മാറ്റില്‍ ആദ്യ ഇവി വില്‍ക്കണോ, അതോ ഡയറക്ട് ടു കണ്‍സ്യൂമര്‍ മോഡല്‍ സ്വീകരിക്കണോ എന്ന് റോയല്‍ എന്‍ഫീല്‍ഡ് ഉടന്‍ തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുഎസ് താരിഫ് നയവുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ആഗോളതലത്തില്‍ ശക്തമായ സാന്നിധ്യമുള്ള റോയല്‍ എന്‍ഫീല്‍ഡ് പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് 10 ലക്ഷത്തിലധികം മോട്ടോര്‍സൈക്കിളുകളാണ് ഇന്ത്യയില്‍ വിറ്റത്. വര്‍ഷം തോറും വില്‍പ്പനയില്‍ 11 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ കയറ്റുമതി 37 ശതമാനം വര്‍ധിച്ച് 107,143 യൂണിറ്റായെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
Be the first to comment